കോട്ടയം- അഗ്നിപഥിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. ഇടത്- ജിഹാദി- അര്‍ബന്‍ നക്സല്‍ ഗ്യാങിന്റെ നേതൃത്വത്തിലാണ് അഗ്നിപഥിനെതിരായ സമരം നടക്കുന്നതെന്നാണ് കെ. സുരേന്ദ്രന്റെ കണ്ടെത്തല്‍. സമരം നടത്തുന്നത് നരേന്ദ്ര മോദി സര്‍ക്കാരിനെ കണ്ണടച്ച് എതിര്‍ക്കുന്നവരാണെന്നും ഇത് അവരുടെ സ്ഥിരം കലാപരിപാടിയാണെന്നും സുരേന്ദ്രന് പറഞ്ഞു.
അഗ്നിപഥ് പദ്ധതി രാജ്യത്തെ യുവാക്കളുടെ പ്രതീക്ഷയാണെന്നു പറഞ്ഞ സുരേന്ദ്രന് ബ്രേക്ക് ഇന്ത്യാ ബ്രിഗേഡ് ടീമാണ് രാജ്യത്ത് സമരം നടത്തുന്നതെന്നും വിശദമാക്കി. രാജ്യത്തെ ക്യാമ്പസുകളിലും തെരുവുകളിലും ഇന്ത്യാവിരുദ്ധ സമരം നടത്തി പരാജയപ്പെട്ടവരാണിവരെന്നും നിലവിലുള്ള റിക്രൂട്ട്മെന്റ് സംവിധാനത്തില്‍ ഒരു വെള്ളവും ചേര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലായെന്ന് പറഞ്ഞിട്ടും ഇങ്ങനെയൊരു അവസരം ഉപയോഗിക്കുന്നതിന് പകരം അതിനെ എതിര്‍ക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ബൃഹത്തായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പദ്ധതി നടപ്പിലാക്കിയത്. സമരക്കാരോട് കേന്ദ്ര സര്‍ക്കാരിന് തുറന്ന സമീപനമാണുള്ളത്. അതുകൊണ്ടാണ് ഈ വര്‍ഷം പ്രായപരിധി ഉയര്‍ത്തിയത്. സംസ്ഥാന ഫോഴ്സുകളിലും അര്‍ധസൈനിക ഫോഴ്സുകളിലും അഗ്നിവീരന്മാര്ക്ക് സംവരണം ലഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ചില ആര്‍മി റിക്രൂട്ട്മെന്റ് ഏജന്‍സി നടത്തിപ്പുകാര്‍ക്ക് മാത്രമേ അഗ്നിപഥ് കൊണ്ട് ബുദ്ധിമുട്ടുണ്ടാവുകയുള്ളൂവെന്നും സുരേന്ദ്രന് പറഞ്ഞു.