ന്യൂദൽഹി-ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്ക് കടത്താനെത്തിച്ച 51 കിലോ ഹെറോയ്ൻ നേപ്പാളിൽ പിടികൂടി. ഏഴ് ദക്ഷിണാഫ്രിക്കൻ യുവതികളാണ് ഹെറോയ്ൻ കടത്താൻ ശ്രമിച്ചത്. ലഹരിമരുന്നുമായി ഏതാനും വിദേശ യുവതികൾ വരുന്നുണ്ടെന്ന രഹസ്യ സന്ദേശം നേപ്പാൾ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയ്ക്ക് ലഭിച്ചിരുന്നു. ഇതനുസരിച്ച് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കർശന പരിശോധനയും ഏർപ്പാടാക്കിയിരുന്നു.
ഇതിനിടിയിലാണ് ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയ യുവതികൾ പിടിയിലാകുന്നത്. ഇവരുടെ ബാഗുകൾ പരിശോധിച്ചപ്പോൾ ലഹരിമരുന്ന് കണ്ടെത്തി. 51 കിലോ ഹെറോയ്‌നാണ് ഉണ്ടായിരുന്നത്. 1.2 ബില്യൺ നേപ്പാൾ രൂപ വില മതിക്കുന്നവയാണിവ. ഏഴ് യുവതികളെയും നേപ്പാൾ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ വിശദമായി ചോദ്യം ചെയ്തു. അപ്പോഴാണ് ലഹരിമരുന്നിന്റെ ഭൂരിഭാഗവും ഇന്ത്യയിലേക്ക് കടത്താനായിരുന്നു ശ്രമമെന്ന് യുവതികൾ വെളുപ്പെടുത്തിയത്. കൂടുതൽ പേർ ലഹരിമരുന്നുമായി നേപ്പാളിലേക്ക് എത്തിയേക്കുമെന്ന വിവരത്തെ തുടർന്ന് വിമാനത്താവളത്തിൽ പരിശോധന ഊർജിതമാക്കി.