തിരുവനന്തപുരം- കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടില്‍നിന്ന് 56 പവന്‍ സ്വര്‍ണാഭരണങ്ങളും 70,000 രൂപയും കവര്‍ന്ന കേസില്‍ സി.ഐ.യെ പ്രതിയാക്കി െ്രെകംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇപ്പോള്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് സി.ഐ. ആയ സിബി തോമസിനെ പ്രതിയാക്കിയാണ് തിരുവനന്തപുരം െ്രെകംബ്രാഞ്ച് ഡിവൈ.എസ്.പി. ജലീല്‍ തോട്ടത്തില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ലിനി തോമസ് കൂരാക്കറയാണ് കേസ് പരിഗണിച്ചത്.
സിബി തോമസ് പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനില്‍ പ്രൊബേഷനറി എസ്.ഐ. ആയിരിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം. പേരൂര്‍ക്കട സ്വദേശിയും കഞ്ചാവ് കേസിലെ പ്രതിയുമായ രാമസ്വാമിയുടെ വീട് ബി.ജെ.പി. പ്രാദേശികനേതാവ് ഉണ്ണിയുടെ നേതൃത്വത്തില്‍ ആക്രമിച്ചു. ആക്രമണത്തില്‍ രാമസ്വാമിക്കും ഭാര്യ ഉഷ, മകന്‍ ശ്രീജിത് എന്നിവര്‍ക്കും പരിക്കേറ്റു. സംഭവസ്ഥലത്തെത്തിയ പോലീസ്, രാമസ്വാമിയെയും കുടുംബത്തെയും ആശുപത്രിയില്‍ എത്തിച്ച ശേഷം വീടിനു കാവല്‍ ഏര്‍പ്പെടുത്തി.
സിബി തോമസിന്റെ നേതൃത്വത്തിലുള്ള പോലീസിന്റെ കാവലില്‍ ഇരുന്ന വീട്ടില്‍ പിറ്റേദിവസം ഉഷയ്ക്കുള്ള വസ്ത്രം ആശുപത്രിയില്‍ കൊടുത്തുവിടാന്‍ വന്ന ഉഷയുടെ അമ്മയാണ് വീട്ടിലെ അലമാരകള്‍ കുത്തിപ്പൊളിച്ചിരുന്നതു കണ്ടത്. സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായും കണ്ടെത്തി.
വിവരമറിഞ്ഞ ഉഷ പോലീസിലും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയെത്തുടര്‍ന്ന് ഉണ്ണിയെയും കണ്ടാലറിയാവുന്നവരെയും പ്രതിയാക്കി പേരൂര്‍ക്കട പോലീസ് കേസ് എടുത്തു. പോലീസ് കാവലില്‍ ഉണ്ടായിരുന്ന വീട്ടില്‍നിന്ന് പോലീസാണ് മോഷണം നടത്തിയതെന്നും അതേ പോലീസ് തന്നെയാണ് കേസ് അന്വേഷിക്കുന്നതെന്നുമുള്ള വാദവുമായി ഉഷ കോടതിയെ സമീപിച്ചു. കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് അന്വേഷണം കന്റോണ്‍മെന്റ് എ.സി.ക്ക് കൈമാറിയെങ്കിലും നടപടി ഉണ്ടായില്ല.
വീണ്ടും ഉഷ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സര്‍ക്കാര്‍ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. സഹപ്രവര്‍ത്തകരായ പോലീസുകാരെ രക്ഷിക്കാന്‍ സഹായകമായ റിപ്പോര്‍ട്ടാണ് െ്രെകംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് ഒന്ന് ഡിവൈ.എസ്.പി. കെ.ആര്‍.ബിജു കോടതിയില്‍ നല്‍കിയത്. കേസ് നിലനില്‍ക്കില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നുമുള്ള ബിജുവിന്റെ റിപ്പോര്‍ട്ടില്‍ സ്വര്‍ണവും പണവും പോലീസ് എടുത്തിട്ടുണ്ടെന്നും അത് ശരിയായ രീതിയില്‍ സ്‌റ്റേഷന്‍ രേഖകളില്‍ ഉള്‍പ്പെടുത്താത്ത വീഴ്ചയാണ് ഉണ്ടായതെന്നുമായിരുന്നു ഉള്ളത്.
മാത്രമല്ല, പ്രൊേബഷനറി എസ്.ഐ. ആയിരുന്ന സിബി തോമസ് സ്വര്‍ണവും പണവും അന്നത്തെ എസ്.ഐ. ആയിരുന്ന എ.നസീറിനെ ഏല്‍പ്പിച്ചുവെന്നും നസീറിനോട് അത് സൂക്ഷിക്കാന്‍ അന്നത്തെ സി.ഐ.യായിരുന്ന ഡി.അശോകന്‍ നിര്‍ദേശിച്ചു എന്നുമാണുള്ളത്. അപ്പോഴും സ്വര്‍ണവും പണവും എവിടെയെന്നുള്ള വ്യക്തത റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. ഈ റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഉഷ വീണ്ടും സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. കോടതി അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി നിശിതമായി വിമര്‍ശിച്ച ശേഷമാണ് സി.ഐ.യെ പ്രതിയാക്കി ക്രൈംബ്രാഞ്ച് പുതിയ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്.