ന്യൂദല്‍ഹി- പോപ്പുലര്‍ ഫ്രണ്ടിനേയും തബ്‌ലീഗ് ജമാഅത്തിനേയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബജ്‌റംഗ്ദളും വിശ്വഹിന്ദു പരിഷത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു.
രാഷ്ട്രപതിക്കുള്ള നിവേദനങ്ങള്‍ ജില്ലാ ഭരണ മേധാവികള്‍ മുഖേനയാണ് സമര്‍പ്പിച്ചതെന്ന് വി.എച്ച്.പി അറിയിച്ചു.
പോപ്പുലര്‍ ഫ്രണ്ട്, തബ്ലീഗ് ജമാഅത്ത് തുടങ്ങിയ സംഘടനകള്‍ രാജ്യത്ത് ജിഹാദി അക്രമങ്ങള്‍ ആളിക്കത്തിക്കുകയാണെന്നും ഇവയെ ഉടന്‍ നിരോധിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
ഹിന്ദുക്കള്‍ ന്യൂനപക്ഷമായ സ്ഥലങ്ങളില്‍ മതിയായ സംരക്ഷണം നല്‍കണമെന്നും വി.എച്ച്.പി ആവശ്യപ്പെടുന്നു.
കോടതി വിധിക്കുന്നതുവരെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മയേയും പുറത്താക്കപ്പെട്ട പാര്‍ട്ടി നേതാവ് നവീന്‍ ജിന്‍ഡാലിനേയും കുറ്റക്കാരായി കാണാനാവില്ലെന്ന് വി.എച്ച്.പി കേന്ദ്ര വര്‍ക്കിംഗ് പ്രസിഡന്റ് അലോക് ശര്‍മ്മ പറഞ്ഞു. പ്രവാചക നിന്ദയെ തുടര്‍ന്നാണ് ഇരുവര്‍ക്കമെതിരെ ബി.ജെ.പി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നത്.
ജമ്മു കശ്മീരിലെ സുന്ദര്‍ബാനിയില്‍ ബജ്‌റംഗ് ദളിന്റെ ധര്‍ണയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മതമൗലികവാദ മുസ്ലിം നേതൃത്വം വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടയിലും മറ്റു അവസരങ്ങളിലും സാധാരണ മുസ്ലിംകളെ തെറ്റിദ്ധരിപ്പിച്ച് അക്രമത്തിന്റെ പാതയിലേക്ക് തള്ളിവിടരുതെന്ന് അദ്ദേഹം പറഞ്ഞു.
ജൂണ്‍ 3, ജൂണ്‍ 10 തീയതികളില്‍ നടന്ന അക്രമങ്ങള്‍ക്ക് ഉത്തരവാദികളായവരെ കണ്ടെത്തി ദേശീയ സുരക്ഷാ നിയമപ്രകാരം നടപടിയെടുക്കണമെന്ന് ബജ്‌റംഗ്ദള്‍ ആവശ്യപ്പെട്ടു.
വധഭീഷണി നേരിടുന്നവര്‍ക്ക് ഉടന്‍ സംരക്ഷണം നല്‍കണമെന്നും ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.