ഹൈദരാബാദ്- അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ റെയില്‍വേ പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. വാറംഗല്‍ ജില്ലക്കാരനായ ദാമോദറാണ് മരിച്ചത്.
ലാത്തിച്ചാര്‍ജ് നടത്തിയിട്ടും പിരിഞ്ഞുപോകാത്ത സമരക്കാര്‍ക്കുനേരെയാണ് റെയില്‍വേ പോലീസ് നിറയൊഴിച്ചത്. വെടിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയരുന്നതായും റെയില്‍വേ പോലീസ് അവകാശപ്പെടുന്നു. വെടിയേറ്റയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മാര്‍ഗമധ്യേ മരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധത്തിനിടയില്‍ രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്കും പരിക്കേറ്റു.
സായുധ സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ പദ്ധതിയായ അഗ്നിപഥിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനു പുറത്തുനടന്ന സമരം അക്രമത്തിലേക്ക് നീങ്ങിയിരുന്നു.
വിദ്യാര്‍ഥികള്‍ രണ്ട് ബോഗികള്‍ക്ക് തീയിട്ടതിനെ തുടര്‍ന്ന് ആദ്യത്തെ മൂന്ന് പ്ലാറ്റ്‌ഫോമുകള്‍ സംഘര്‍ഷഭരിതമായിരുന്നു. എന്‍.എസ്.യു.ഐ പ്രവര്‍ത്തകര്‍ ബസുകള്‍ക്കുനേരെയും കല്ലെറിഞ്ഞു. ആര്‍മി പരീക്ഷ സാധാരണ പോലെ നടത്തണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആര്‍മി പരീക്ഷാര്‍ഥികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ 71 ട്രെയിനുകള്‍ റദ്ദാക്കി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ കൂടുതല്‍ സേനയെ വിന്യസിച്ചിരുന്നു.
രാജ്യത്തെ തൊഴിലില്ലായ്മ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് പ്രതിഷേധമെന്നും കണ്ണ് തുറപ്പിക്കണമെന്നും തെലങ്കാന മന്ത്രി കെ.ടി. രാമറാവു പറഞ്ഞു.