കണ്ണൂര്‍- മുഖ്യമന്ത്രി പിണറായി വിജയനുനേരേ വിമാനത്തില്‍ പ്രതിഷേധിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ഫര്‍സീന്‍ മജീദിനെ സര്‍വീസില്‍നിന്ന് നീക്കാനുള്ള നടപടികള്‍ തുടങ്ങി. മുട്ടന്നൂര്‍ യു.പി. സ്‌കൂള്‍ അധ്യാപകനായ ഇയാള്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. അധ്യാപകര്‍ക്കുള്ള യോഗ്യതാപരീക്ഷയായ കെടെറ്റ് (കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ്) ഇദ്ദേഹം പാസായിട്ടില്ലെന്നും പ്രൊബേഷന്‍ കാലാവധി കഴിഞ്ഞിട്ടില്ലെന്നുമുള്ള റിപ്പോര്‍ട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ക്ക് സമര്‍പ്പിച്ചു.
ഇദ്ദേഹമുള്‍പ്പെട്ട വിവിധ മുന്‍കാല കേസുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് മട്ടന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. അധ്യാപകനെ സ്‌കൂളില്‍നിന്ന് പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ് മാനേജ്‌മെന്റ്. വിദ്യാഭ്യാസവകുപ്പില്‍നിന്നുള്ള നിര്‍ദേശമനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
ടി.ടി.സി. യോഗ്യതയുള്ള ഫര്‍സീന്‍ മജീദ് 2019 ജൂണ്‍ ആറിനാണ് സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നത്. കോവിഡ് കാരണം 2019, 2020 വര്‍ഷങ്ങളില്‍ അധ്യാപകരായി ചേര്‍ന്നവര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് ടെസ്റ്റ് നടത്തിയിരുന്നില്ല. അതിനാല്‍ 2021 മാര്‍ച്ച് 16നാണ് ഇദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം ലഭിച്ചത്. എന്നാല്‍ 2022 മാര്‍ച്ച് 15നുമുന്‍പ് കെടെറ്റ് പാസാകാത്തതിനാല്‍ ഇദ്ദേഹത്തിന്റെ പ്രൊബേഷന്‍ പ്രഖ്യാപിച്ചിട്ടില്ല. കെടെറ്റ് പാസാകാത്ത അധ്യാപകര്‍ക്ക് വാര്‍ഷിക ഇന്‍ക്രിമെന്റ് ലഭിക്കില്ല.