ന്യൂദല്‍ഹി - നിരവധി പ്രമുഖ വനിതാ കായിക താരങ്ങള്‍ ലൈംഗികചൂഷണ ആരോപണവുമായി രംഗത്തെത്തിയതോടെ പര്യടനങ്ങളില്‍ വനിതാ ടീമുകള്‍ക്കൊപ്പം വനിതാ കോച്ച വേണമെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) നിഷ്‌കര്‍ശിച്ചു. സ്ലൊവേനിയന്‍ പര്യടനത്തിനിടയില്‍ കിടക്ക പങ്കിടാനായി ബലപ്രയോഗം നടത്തിയെന്ന് പ്രമുഖ വനിതാ സൈക്ലിസ്റ്റ് ആരോപിച്ചതോടെ പ്രമുഖ കോച്ച് ആര്‍.കെ. ശര്‍മയെ കഴിഞ്ഞയാഴ്ച പുറത്താക്കിയിരുന്നു. തൊട്ടുപിന്നാലെ പ്രമുഖ സെയ്‌ലിംഗ് താരവും സമാനമായ ആരോപണവുമായി രംഗത്തെത്തി. ആഭ്യന്തര, വിദേശ പര്യടനങ്ങളില്‍ വനിതാ ടീമിനൊപ്പം വനിതാ കോച്ച് ഉണ്ടായിരിക്കണമെന്നാണ് സായ് നിബന്ധന.
ആര്‍.കെ ശര്‍മയുടെ പെരുമാറ്റം തന്നെ അതീവദുഃഖിതയാക്കിയെന്ന് സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക സൃഷ്ടിച്ചുവെന്നും സ്ലൊവേനിയയില്‍ നിന്ന് പര്യടനം നിര്‍്ത്തി മടങ്ങിയ വനിതാ സൈക്ലിസ്റ്റ് പറഞ്ഞിരുന്നു. എലീറ്റ് അക്കാദമിയില്‍ നിന്ന് പുറത്താക്കി കരിയര്‍ തകര്‍ക്കുമെന്നും വഴിയരികില്‍ പച്ചക്കറി വിറ്റ് ജീവിതം കഴിയേണ്ടി വരുമെന്നും ശര്‍മ ഭീഷണിപ്പെടുത്തിയതായും അവര്‍ പറഞ്ഞു. ശര്‍മ തന്നെ മുഖത്തടിക്കുകയും മറ്റുള്ളവര്‍ക്കു മുന്നില്‍ പരിഹസിക്കുകയും ചെയ്തതായി മറ്റൊരു സൈക്ലിംഗ് താരം ദിബോറ ഹെരോള്‍ഡും ആരോപിച്ചിരുന്നു. ലെസ്ബിയന്‍ ബന്ധമാരോപിച്ചാണ് തന്നെ ശര്‍മയും അസിസ്റ്റന്റ് കോച്ചും ടീമില്‍ നിന്ന് പുറത്താക്കിയതെന്നും ദിബോറ കുറ്റപ്പെടുത്തി.