ന്യൂദല്‍ഹി-ഉത്തര്‍പ്രദേശില്‍ അടുത്തിടെ നടന്ന അക്രമസംഭവങ്ങളില്‍ പ്രതികളുടെ വീടുകള്‍ തകര്‍ത്ത സംഭവത്തില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു.
കഴിഞ്ഞയാഴ്ച നടന്ന അക്രമത്തില്‍ പ്രതികളെന്ന് ആരോപിച്ച് അവരുടെ വീടുകള്‍ അനധികൃതമായി തകര്‍ത്തുവെന്ന ഹരജികളില്‍ മൂന്ന് ദിവസത്തിനകം സംസ്ഥാന സര്‍ക്കാരില്‍നിന്ന് കോടതി മറുപടി തേടി.
രാജ്യത്ത് നിയമവാഴ്ച നിലനില്‍ക്കുന്നുവെന്ന ബോധം പൗരന്മാര്‍ക്കിടയില്‍ ഉണ്ടായിരിക്കണമെന്ന് ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വിക്രം നാഥ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് പറഞ്ഞു. 'എല്ലാം ന്യായമായിരിക്കണം. അധികാരികള്‍ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു- ജഡ്ജിമാർ പറഞ്ഞു. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
വെൽഫെയർ പാർട്ടി പ്രവർത്തകൻ ജാവേദ് മുഹമ്മദിന്റെ വസതി ഉൾപ്പെടെ നിയമവിരുദ്ധമെന്ന് കരുതുന്ന കെട്ടിടങ്ങൾ സംസ്ഥാന ഭരണകൂടം അടുത്തിടെ പൊളിച്ചുനീക്കിയതിനെ തുടർന്ന് മുസ്ലിം സംഘടനയായ ജംഇയ്യത്ത് ഉലമായെ ഹിന്ദ് ആണ് ഹരജി നൽകിയത്.
കെട്ടിടം പൊളിക്കലുകൾ നിയമം അനുസരിച്ചായിരിക്കണം, പ്രതികാരം ചെയ്യാനാകരുത്- നോട്ടീസ് പുറപ്പെടുവിച്ചുകൊണ്ട് കോടതി പറഞ്ഞു. എന്നാൽ, പൊളിക്കുന്നത് നിർത്താൻ സുപ്രീം കോടതി യു.പിയോട് ഉത്തരവിട്ടിട്ടില്ല.
പ്രതിഷേധക്കാർക്കെതിരെ സ്വീകരിച്ച നടപടിയാണ് കെട്ടിടം പൊളിക്കലെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.യു സിംഗ് കോടതിയെ അറിയിച്ചു. പൊളിക്കൽ വീണ്ടും വീണ്ടും സംഭവിക്കുകയാണെന്നും ഇത് ഞെട്ടിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് അദ്ദേഹം വാദിച്ചു. 20 വർഷത്തിലേറെയായി നിലനിൽക്കുന്ന വീടുകളാണിവ. പലതും പ്രതികളുടേതല്ലെന്നും അവരുടെ പ്രായമായ മാതാപിതാക്കളുടേതാണെന്നും അദ്ദേഹം പറഞ്ഞു.
ജഹാംഗീർപുരി പൊളിക്കൽ വിഷയത്തിൽ ബാധിച്ച കക്ഷികളൊന്നും സുപ്രീം കോടതിയിൽ ഹരജി നൽകിയിട്ടില്ലെന്നും ഇവിടെയും ജംഇയ്യത്ത് ഉമലായെ ഹിന്ദാണ് ഹരജി ഫയൽ ചെയ്തതെന്നും ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
നിയമപരമായ ഒരു കെട്ടിടവും പൊളിച്ചിട്ടില്ലെന്നും എല്ലാവർക്കും അവരവരുടെ അജണ്ടയുണ്ടെന്നും ഒരു രാഷ്ട്രീയ പാർട്ടിയും ഹരജി നൽകിയത് ചൂണ്ടിക്കാട്ടി സോളിസിറ്റർ ജനറൽ പറഞ്ഞു.
ജഹാംഗീർപുരി പ്രദേശത്ത് ഏത് സമുദായത്തിന്റെ സ്വത്താണ് എന്ന് നോക്കാതെയാണ് കെട്ടിടങ്ങൾ നീക്കം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അത്തരം നടപടികൾ കൃത്യമായ നടപടിക്രമങ്ങളോടെ നടന്നുകൊണ്ടിരിക്കുന്നു, ഏറ്റവും പുതിയ പൊളിക്കൽ അതിന്റെ ഒരു ഉദാഹരണമാണെന്നും നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്നും തുഷാർ മേത്ത വാദിച്ചു.
ജാവേദ് മുഹമ്മദിന്റെ വീട് അനധികൃതമായി നിർമ്മിച്ചതാണെന്നും മെയ് മാസത്തിൽ സമൻസ് നൽകിയതിനെത്തുടർന്ന് അദ്ദേഹം ഹിയറിംഗിൽ ഹാജരായില്ലെന്നും ആരോപിച്ചാണ് പ്രയാഗ്‌രാജ് ജില്ലാ വികസന അതോറിറ്റി ഞായറാഴ്ച അദ്ദേഹത്തിന്റെ വീട് തകർത്തത്. പ്രവാചക നിന്ദയുടെ പേരിൽ ബി.ജെ.പി പുറത്താക്കിയ ദേശീയ വക്താവ് നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനും അക്രമത്തിനു പിന്നലെ സൂത്രധാരനെന്ന് ആരോപിച്ച് ജാവേദിനെ പിടിച്ചുകൊണ്ടുപോയതിനു പിന്നലെയാണ് വീട് തകർത്തത്.
വീട് തകർക്കുന്നിതിന്റെ തലേന്ന് ശനിയാഴ്ച രാത്രി വൈകിയാണ് കുടുംബത്തിന് അറിയിപ്പിന്റെ പകർപ്പ് ലഭിച്ചതെന്നും കെട്ടിടം ജാവേദിന്റെതല്ലെന്നും അദ്ദേഹത്തിന്റെ ഭാര്യയുടേതാണെന്നും അഭിഭാഷകർ പറഞ്ഞു.