ഹൈദരാബാദ്- പ്രവാചകനിന്ദയുടെ പേരിൽ ബി.ജെ.പി പുറത്താക്കിയ പാർട്ടി ദേശീയ വക്താവ് നൂപുർ ശർമക്ക് പിന്തുണയുമായി വിശ്വഹിന്ദു പരിഷത്ത് നാളെ രാജ്യവ്യാപകമായി ധർണ നടത്തും. ജില്ലാ ആസ്ഥാനങ്ങളിലാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. ദേശീയതലത്തിൽ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായ തെലങ്കനായിലും പരിപാടികൾ സംഘടിപ്പിക്കുമെന്ന് വി.എച്ച്.പി സംസ്ഥാന പ്രസിഡണ്ട് എം.രാമരാജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രാമനവമി ആഘോഷ വേളയിൽ രാജ്യത്ത് നൂറിലേറെ കേന്ദ്രങ്ങളിൽ മുസ്ലിം തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിക്കാൻ കൂടിയാണ് സമരമെന്ന് അദ്ദേഹം പറഞ്ഞു. നൂപുർ ശർമ പ്രവാചകനെതിരെ നടത്തിയത് അവരുടെ സ്വന്തം അഭിപ്രായമല്ലന്നും കാലങ്ങളായി മുസ്ലിം പണ്ഡിതന്മാർ പറയുന്നതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.