ന്യൂദല്‍ഹി- പ്രവാചക നിന്ദയെ തുടര്‍ന്ന് ബി.ജെ.പി പുറത്താക്കിയ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനുശേഷം ദല്‍ഹി ജമാ മസ്ജിദില്‍ നടന്ന പ്രകടനത്തിന് ആരും ആഹ്വാനം ചെയ്തിരന്നില്ലെന്ന് ഷാഹി ഇമാം സയ്യിദ് അഹ്്മദ് ബുഖാരി.
ആരൊക്കെയാണ് പ്രകടനം നടത്തിയതെന്നോ ആരാണ് നേതൃത്വം നല്‍കിയതെന്നോ അറിയില്ലെന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
നമസ്‌കാരത്തിനുശേഷം 40-50 പേരാണ് വിവിധ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രകടനം നടത്തിയത്. ജമാ മസ്ജിദില്‍ പ്രകടനം നടത്തുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നില്ല. ജുമുഅ നമസ്‌കാരത്തിന് ആയിരങ്ങള്‍ പങ്കെടുത്തതിനാല്‍ ആരാണ് പ്രകടനം നടത്തിയതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രവാചകനോടുള്ള സ്‌നേഹം ഞങ്ങളുടെ ഹൃദയത്തില്‍ അടിയുറച്ചതാണ്. അദ്ദേഹത്തിനുവേണ്ടി ജീവന്‍ നല്‍കാനും തയാറാണ്. എന്നാല്‍ നിരപരാധികളെ കുഴപ്പത്തിലാക്കാന്‍ നമ്മുടെ മതം അനുവദിക്കുന്നില്ല. പ്രതിഷേധ പ്രകടനത്തിന് അനുമതി ഉണ്ടായിരുന്നില്ല. ജനക്കൂട്ടത്തില്‍നിന്ന് ആരെങ്കിലും കല്ലെറിഞ്ഞിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെടുമായിരുന്നു. റാഞ്ചിയിലെ പോലെ ആരെങ്കിലും മരിച്ചിരുന്നെങ്കിലോ. ആ നിരപരാധിയുടെ മാതാവിനോട് ഞാനെന്ത് മറുപടി നല്‍കും- ഇമാം ബുഖാരി ചോദിച്ചു.