Sorry, you need to enable JavaScript to visit this website.

ഇ.പി ജയരാജനെതിരെ  കേസെടുക്കണം.- കെ സുധാകരന്‍

തിരുവനന്തപുരം- വിമാനത്തിലെ പ്രതിഷേധത്തില്‍ സിപിഎം നുണ പറയുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഈ രീതിയിലുള്ള രാഷ്ട്രീയപ്രവര്‍ത്തനവും ഭരണവുമാണ് മുഖ്യമന്ത്രി മുന്നോട്ടു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നതെങ്കില്‍, മുഖ്യമന്ത്രിയുടെ രാഷ്ട്രീയരംഗത്തെ പതനത്തിന് സമയം ആസന്നമായി. ആ ചുറ്റുപാടാണ് കേരളത്തിലുള്ളത്. അക്രമത്തിന് ഒടുവില്‍ സിപിഎമ്മിന് തലകുനിക്കേണ്ടി വരുമെന്നും കെ സുധാകരന്‍ പറഞ്ഞു.
വിമാനത്തിനുള്ളിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇപി ജയരാജന്റെ പ്രസ്താവന മാത്രമെടുത്ത് പരിശോധിച്ചു നോക്കൂ. ഇ പി ജയരാജന്‍ തന്നെ രണ്ടുരീതിയിലാണ് പറയുന്നത്. ഒരു തവണ മുഖ്യമന്ത്രിക്ക് നേരെ വന്നുവെന്നാണ് പറഞ്ഞത്. പിന്നീട് പറഞ്ഞത് മുഖ്യമന്ത്രി ഇറങ്ങിയശേഷം താന്‍ പെട്ടിയെടുക്കുമ്പോള്‍ തന്റെ നേര്‍ക്കാണ് ഇവര്‍ കുതിച്ചു വന്നതെന്നാണ്. വായ തുറന്നാല്‍ വിടുവായത്തമാണ് ജയരാജന്‍ പറയുന്നത്.
കൊള്ളാവുന്ന, അന്തസ്സുള്ള, തന്റേടമുള്ള നേതാക്കള്‍ സിപിഎമ്മിന് വേണ്ടേ?. സിപിഎം അണികള്‍ പുനരാലോചന നടത്തണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു. പോലീസിന്റെ എഫ്‌ഐആറിനെയും സുധാകരന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ പ്രായം പോലും അവര്‍ക്ക് അറിയില്ല. 50 നും 80 നും ഇടയില്‍ പ്രായമെന്നാണ് പറയുന്നത്. ലോകത്തെവിടെയെങ്കിലും ഇങ്ങനെയൊരു എഫ്‌ഐആര്‍ ഉണ്ടാകുമോ? സുധാകരന്‍ ചോദിച്ചു. എത്ര കോണ്‍ഗ്രസ് ഓഫീസുകളാണ് സിപിഎമ്മുകാര്‍ തല്ലിത്തകര്‍ത്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും പത്ത് ഓഫീസ് വീതം പൊളിക്കാന്‍ പറഞ്ഞാല്‍ നടക്കില്ലേ. ഇല്ലെന്ന് നിങ്ങളാരെങ്കിലും ധരിക്കുന്നുണ്ടോ. പക്ഷെ ഞങ്ങളാരും ഇത് പ്രോത്സാഹിപ്പിക്കുന്നില്ല. ഇത് പാര്‍ട്ടിയുടെ അന്തസ്സും പൊതു സ്വഭാവവുമാണ്. ജനാധിപത്യത്തിന്റെ മാര്‍ഗമാണ് കോണ്‍ഗ്രസിന്. ഞങ്ങള്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. അല്ലെങ്കില്‍ ഞങ്ങള്‍ക്കും ഇതുമാതിരി അടിച്ചുപൊളിക്കാനും സോഡാക്കുപ്പി എറിയാനും മറ്റും പത്തുനൂറു പിള്ളേരെ കിട്ടുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ഈ അന്തസ് സിപിഎമ്മില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. ഈ അക്രമത്തിന്റെ യാത്ര നിര്‍ത്താന്‍ ഇടതുപക്ഷം തയ്യാറല്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കും. പ്രതിഷേധിച്ചവരെ തള്ളിയത് ഇ പി ജയരാജനാണ്. യൂത്ത് കോണ്‍ഗ്രസിന്റെ കുട്ടികള്‍ ആരെയും തല്ലിയിട്ടില്ല. തല്ലിയത് ജയരാജനാണ്. വിമാനത്തിനകത്ത് പ്രത്യേക നിയമമുണ്ട്. അതനുസരിച്ച് ജയരാജന്റെ പ്രവൃത്തി ശിക്ഷാര്‍ഹമാണ്. ജയരാജനെതിരെ കേസെടുക്കണം. മുമ്പ് പ്രതിഷേധിച്ചവര്‍ കള്ളുകുടിച്ചിരുന്നുവെന്ന് പറഞ്ഞു. പിന്നീട് അത് മാറ്റിപ്പറഞ്ഞു. വാ തുറന്നാല്‍ വിടുവായത്തം മാത്രമാണ് പറയുന്നത്. രാഷ്ട്രീയത്തില്‍ സിപിഎം എങ്ങനെ ജയരാജനെ ഉള്‍ക്കൊള്ളുന്നു എന്നത് അത്ഭുതമാണെന്നും കെ സുധാകരന്‍ പറഞ്ഞു.
വിമാനത്തിനുള്ളിലെ സംഭവത്തെ നേതാക്കളാരും പ്രോത്സാഹിപ്പിച്ചിട്ടില്ല. അവര്‍ എന്തിനു പോയി എന്നുപോലും അറിയില്ല. അവരെ കണ്ടിട്ടില്ല, സംസാരിക്കാന്‍ പറ്റിയിട്ടില്ല. അവരെ തള്ളിപ്പറയുന്നതല്ല. പുത്തന്‍ പ്രതിഷേധമുറ എന്ന നിലയില്‍ അവര്‍ സ്വീകരിച്ചതായിരിക്കാം. പക്ഷെ ആവശ്യമില്ലാത്തതായിരുന്നു. തങ്ങളതിനെ ന്യായീകരിക്കുന്നില്ല. പോലീസ് പൊലീസായി പ്രവര്‍ത്തിക്കണം, അല്ലാതെ ഗുണ്ടകളായി മാറിയാല്‍ ഗുണ്ടകളായിത്തന്നെ കാണേണ്ടി വരുമെന്നും കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.
 

Latest News