ഒട്ടാവ- കാനഡയില്‍ ജൂനിയര്‍ ലീഗ് ഹോക്കി മത്സരത്തില്‍ പങ്കെടുക്കാനായി പോകുകയായിരുന്ന ടീം സഞ്ചരിച്ച ബസ് ട്രെയിലറുമായി കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു. ബസില്‍ 28 പേരാണുണ്ടായിരുന്നത്. മറ്റുള്ളവര്‍ക്ക് പരിക്കേറ്റതായും റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് അറിയിച്ചു. മരിച്ചവര്‍ കളിക്കാരാണോ കോച്ചുമാരാണോ എന്നതുസംബന്ധിച്ച വിവരം പുറത്തുവിട്ടിട്ടില്ല. സാസ്‌കചെവാനില്‍ വെള്ളിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. സാസ്‌കചെവാന്‍ ജൂനിയര്‍ ഹോക്കി ലീഗില്‍ പങ്കെടുക്കുന്ന ഹംബോള്‍ത് ബ്രോങ്കോസ് ടീമാണ് അപകടത്തില്‍പ്പെട്ടതെന്ന് സ്ഥിരീകരിച്ചു. 16-നും 21-നും ഇടയില്‍ പ്രായമുള്ളവരാണ് ഈ ടീമിലെ താരങ്ങള്‍.
വെള്ളിയാഴ്ച രാത്രി നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുള്ള യാത്രയിലായിരുന്നു ടീം. മത്സരം പിന്നീട് ഉപേക്ഷിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ദുഃഖമറിയിച്ചു.