Sorry, you need to enable JavaScript to visit this website.

യുഎസില്‍ ഹിജാബിട്ട മുസ്ലിം യുവതിയെ ആക്രമി റോഡിലിട്ട് കുത്തി

ഹൂസ്റ്റണ്‍- ഹിജാബ് ധരിച്ച മുസ്ലിം നഴ്‌സിനെ ആക്രമി റോഡിലിട്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു കടന്നു. മുസ്ലിം വിരുദ്ധ വിദ്വേഷമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. ആക്രമിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5,000 ഡോളര്‍ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. 31-കാരിയായ നഴ്‌സ് ആശുപത്രിയിലെ ജോലി കഴിഞ്ഞ് വ്യാഴാഴ്ച രാവിലെ സ്വന്തം കാറില്‍ മടങ്ങുന്നതിനിടെയാണ് വിദ്വേഷ ആക്രമണത്തിനിരയായതെന്ന് ഹൂസ്റ്റണിലെ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് അറിയിച്ചു.  

മറ്റൊരു കാറിലെത്തിയ ആക്രമി നഴ്‌സിന്റെ കാറിന്റെ ഒരു വശത്ത് തന്റെ കാര്‍ ഉരസുകയായിരുന്നു. കേടുപാടുകള്‍ നോക്കാനായി കാര്‍ നിര്‍ത്തി നഴ്‌സ് പുറത്തിറങ്ങിയപ്പോഴാണ് ആക്രമി കത്തി പുറത്തെടുത്ത് കാറില്‍ നിന്നിറങ്ങിയത്. വംശീയാക്ഷേപവും തെറിവിളികളും നടത്തിയപ്പോള്‍ യുവതി തിരികെ കാറില്‍ കയറി പോകാനൊരുങ്ങവെ ആക്രമി യുവതിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കയ്യിലാണ് കുത്തേറ്റത്. ഇതിനിടെ ആക്രമിയുടെ കാറില്‍ നിന്നറങ്ങിവന്ന മറ്റൊരാള്‍ തടയാന്‍ ശ്രമിക്കുകയും പിന്നീട് അദ്ദേഹത്തെ കാറില്‍ തിരികെ കയറ്റി സ്ഥലും വിടുകയുമായിരുന്നു. പരിക്കേറ്റ നഴ്‌സ് താന്‍ ജോലി ചെയ്യുന്ന ആശുപത്രിയിലേക്കു തന്നെ തിരിച്ചു പോയി ചികിത്സ തേടി.

ഇരുപതിനും 35-നുമിടയില്‍ പ്രായമുള്ള ആക്രമിക്കും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നയാള്‍ക്കും വേണ്ടി പോലീസ് അന്വേഷണം നടത്തി വരികയാണ്.
 

Latest News