ജയ്പൂര്‍- രണ്ടു കൃഷ്ണമൃഗങ്ങളെ വേട്ടയാടിക്കൊന്ന കേസില്‍ നടന്‍ സല്‍മാന്‍ ഖാനെ അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ച ജഡ്ജി ദേവ് കുമാര്‍ ഖത്രിയേയും സല്‍മാന്റെ ജാമ്യ ഹരജി ഇന്ന് പരിഗണിക്കാനിരുന്ന ജോധ്പൂര്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി രവീന്ദ്ര കുമാര്‍ ജോഷിയേയും സ്ഥലംമാറ്റി. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ ഹൈക്കോടതി നടത്തിയ 87 ജഡ്ജിമാരുടെ സ്ഥലം മാറ്റങ്ങളിലാണ് ഇവരും ഉള്‍പ്പെട്ടത്. ഹൈക്കോടതി രൂപീകരിച്ച സമിതിയുടെ ശുപാര്‍ശയനുസരിച്ച് എല്ലാ വര്‍ഷവും ഏപ്രില്‍ 15-നും 30-നുമിടയില്‍ രാജസ്ഥാനില്‍ ജഡ്ജിമാരെ സ്ഥലം മാറ്റുന്നത് പതിവാണ്.
സെഷന്‍സ് ജഡ്ജി ജോഷി ഇന്ന് സല്‍മാന്റെ ജാമ്യ ഹരജി പരിഗണിക്കാനിരുന്നതാണ്. ജഡ്ജി സ്ഥലം മാറിയതോടെ സല്‍മാന്‍ ഇന്നും ജയിലില്‍ തന്നെ കഴിയേണ്ടി വരും. ജോഷിക്കു പകരം ഭില്‍വാര സെഷന്‍സ് ജഡ്ജി ചന്ദ്ര കുമാര്‍ സൊങ്കാരയെയാണ് ജോധ്പൂരില്‍ നിയമിച്ചിരിക്കുന്നത്. കേസില്‍ നേരത്തെ ശിക്ഷ വിധിച്ച ജഡ്ജി ഖത്രിക്കു പകരം ഉയദ്പൂര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായിരുന്ന സമരേന്ദ്ര സിങ് സികര്‍വറും ചുമതലയേല്‍ക്കും.
1998-ല്‍ ജോധ്പൂരില്‍ സിനിമാ ഷൂട്ടിങ്ങിനിടെ മാന്‍വേട്ട നടത്തിയ കേസില്‍ വ്യാഴാഴ്ചയാണ് സല്‍മാനെ അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ചത്. ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ 106-ാം നമ്പര്‍ തടവുകാരനാണിപ്പോള്‍ സല്‍മാന്‍. ജാമ്യം നേടി പുറത്തിറങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് താരം.