പൂനെ - വന്‍ ശബ്ദത്തില്‍ വാഷിംഗ് മെഷീന്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വിശദമായ അന്വേഷണം. പുനെയിലെ ഭവാനി പേഠിലെ ഒരു ഫ്‌ലാറ്റിലാണ് വാഷിംഗ് മെഷീന്‍ പൊട്ടിത്തെറിച്ചത്. വാഷിംഗ് മെഷീന്റെ തകരാര്‍ പരിഹരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. അറ്റകുറ്റപ്പണി നടത്തിയളെയാണ് കസ്റ്റഡിയിലെടുത്തത്. ബോംബ് ഡിറ്റക്ഷന്‍ ആന്റ് ഡിസ്‌പോസല്‍ സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഭവാനി പേഠിലെ വിശാല്‍ സൊസൈറ്റിയിലുള്ള അപ്പാര്‍ട്ട്‌മെന്റിലെ ബി വിംഗിന്റെ മൂന്നാം നിലയിലെ 306 ഫല്‍റ്റിലാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ സ്‌ഫോടനമുണ്ടായത്. ശക്തമായ പൊട്ടിത്തെറിയില്‍ ഫ്‌ലാറ്റിലെ ജനല്‍ ചില്ലുകളും വസ്തുക്കളും തകര്‍ന്നു. ഫല്‍റ്റില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി. ശക്തമായ പൊട്ടിത്തെറിയാണ് ഉണ്ടായത്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ പത്ത് വര്‍ഷമായി ഈ ഫ്‌ലാറ്റില്‍ താമസിക്കുന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു. ഇയാള്‍ ഇലക്ട്രിഷ്യന്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവാവ് വാഷിംഗ് മെഷീന്‍ നന്നാക്കുന്നതുമായി ബന്ധപ്പെട്ട് വെല്‍ഡിംഗ് നടത്തുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫ്‌ലാറ്റിലെ വാഷിംഗ് മെഷീന്‍ പൊട്ടിത്തെറിച്ചതായും സംഭവത്തില്‍ ആരും ആശങ്കപ്പെടേണ്ടെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് കമ്മീഷണര്‍ (പൂനെ) അമിതാഭ് ഗുപ്ത പറഞ്ഞു. സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല. അന്വേഷണം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.