തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളില്‍ നിന്ന് കറുത്ത മാസ്‌ക് ഊരി വെ്പ്പിച്ചതെന്തിന്? പൊതുജനങ്ങളില്‍ നിന്ന് അടക്കം കറുത്ത മാസ്‌ക് നീക്കം ചെയ്യിച്ചതില്‍ നാല് ജില്ലാ എസ്പിമാരോട് ഡിജിപി അനില്‍കാന്ത് വിശദീകരണം തേടി. കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, തൃശ്ശൂര്‍ എന്നീ ജില്ലകളിലെ എസ്പിമാരോടാണ് വിശദീകരണം തേടിയത്. സംഭവം വിവാദമായതോടെ കറുത്ത മാസ്‌ക് വയ്ക്കരുതെന്ന വിലക്കില്ലായിരുന്നുവെന്നാണ് പോലീസ് അനൗദ്യോഗികമായെങ്കിലും വിശദീകരിക്കുന്നത്.
വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ഇന്നലെയാണ് കറുപ്പ് മാസ്‌കിനുള്ള അപ്രഖ്യാപിത നിരോധനം പോലീസ് പിന്‍വലിച്ചത്. കണ്ണൂരില്‍ ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങുകളില്‍ കറുപ്പ് മാസ്‌ക് അഴിപ്പിച്ചില്ല. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികള്‍ വെളിപ്പെടുത്തല്‍ നടത്തുകയും വലിയ വിവാദമുണ്ടാകുകയും പ്രതിപക്ഷം പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്ത പശ്ചാത്തലത്തില്‍ കറുപ്പ് മാസ്‌കിനും വസ്ത്രത്തിനും ഞായറാഴ്ച മുതല്‍ വിവിധ പരിപാടികളിലായി പോലീസ് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പലരുടെയും കറുപ്പ് മാസ്‌ക് അഴിപ്പിച്ചു. പകരം മാസ്‌ക് നല്‍കി. കറുത്ത വസ്ത്രം ധരിച്ചവരെ പരിപാടികളിലേക്ക് കടത്തി വിട്ടില്ല. ഇതിനെല്ലാം പകരമായി കറുത്ത മാസ്‌കും വസ്ത്രവും ധരിച്ചെത്തിയായിരുന്നു പ്രതിപക്ഷ എംഎല്‍എമാര്‍ അടക്കമുള്ളവരുടെയും, പ്രവര്‍ത്തകരുടെയും പ്രതിഷേധം.ആ വിലക്ക് എന്തായാലും തളിപ്പറമ്പിലെ പരിപാടിയില്‍ ഇന്നലെ ഉണ്ടായില്ല. കിലയില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കറുത്ത മാസ്‌കും വേഷവും ധരിച്ചവര്‍ക്ക് ഒരു തടസ്സവുമില്ലാതെ സദസ്സില്‍ വന്നിരിക്കാനായി.
കറുത്ത മാസ്‌കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ശനിയാഴ്ച തെന്നെ അറിയിച്ചിരുന്നു. എങ്കിലും ഇന്നലെ മലപ്പുറത്തും പോലീസ് കറുത്ത മാസ്‌ക് അഴിപ്പിച്ചിരുന്നു. പോലീസ് നടപടിയെ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ന്യായീകരിക്കുക കൂടി ചെയ്തതോടെ സംഭവം പാര്‍ട്ടി കേന്ദ്രങ്ങളില്‍ തന്നെ ഇത് വലിയ ചര്‍ച്ച ആയിരുന്നു. പൗരാവകാശ ലംഘനം ചൂണ്ടിക്കാട്ടി ചിലര്‍ കോടതിയെ സമീപിക്കാനും തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂരില്‍ കറുപ്പ് മാസ്‌ക് വിലക്ക് പോലീസ് ഒഴിവാക്കിയത്.