ജിദ്ദ- കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയെന്ന സൗദി ആഭ്യന്തര മന്ത്രാലയ തീരുമാനം പുറത്തുവന്നയുടന്‍ പ്രധാന നഗരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം തവക്കല്‍നാ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് പ്രദര്‍ശിപ്പിക്കല്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞു. 700 ലേറെ ദിവസത്തിനു ശേഷമാണ് സൗദി അറേബ്യ കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നത്.
അതേസമയം, ഏറ്റവും കുറഞ്ഞ നഷ്ടങ്ങളോടെ മഹാമാരി ഘട്ടം തരണം ചെയ്യാന്‍ സൗദി അറേബ്യക്ക് സാധിച്ചതായി യു.എന്നിലെ സൗദി പ്രതിനിധി ഡോ. അബ്ദുല്‍ അസീസ് അല്‍വാസില്‍ പറഞ്ഞു. കൊറോണ മഹാമാരി വ്യാപനം ചെറുക്കാന്‍ ആഗോള സമൂഹത്തിനും സൗദി അറേബ്യ സഹായങ്ങള്‍ നല്കി.
പകര്‍ച്ചവ്യാധികള്‍ കൈകാര്യം ചെയ്യുന്നതിലും ഹജ്, ഉംറ സീസണുകളില്‍ ആള്‍ക്കൂട്ടങ്ങളെ നിയന്ത്രിക്കുന്നതിലും സൗദി അറേബ്യക്ക് ദീര്‍ഘകാലത്തെ പരിചയസമ്പത്തുണ്ട്. മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം-റിലേറ്റഡ് കൊറോണ വൈറസ് വിരുദ്ധ പോരാട്ടത്തില്‍ 2012 ലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും സൗദി അറേബ്യ അനുഭവസമ്പത്ത് നേടി. ഈ അനുഭവസമ്പത്തുകളാണ് കൊറോണ വിരുദ്ധ പോരാട്ട മേഖലയില്‍ പദ്ധതികള്‍ നടപ്പാക്കാനും വ്യവസ്ഥാപിതമായ നടപടികള്‍ സ്വീകരിക്കാനും രാജ്യത്തെ സഹായിച്ചത്. ഇതിന്റെ ഫലം സൗദി അറേബ്യ അനുഭവിക്കാന്‍ തുടങ്ങി. ഈ വര്‍ഷം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹജ് സംഘങ്ങളെ രാജ്യം സ്വീകരിക്കുന്നു. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പത്തു ലക്ഷം ഹാജിമാരെയാണ് ഈ വര്‍ഷം സ്വീകരിക്കുന്നതെന്നും ഡോ. അബ്ദുല്‍ അസീസ് അല്‍വാസില്‍ പറഞ്ഞു.