ദുബായ്- ഇത്തിഹാദ് എയര്‍വേസ് കാബിന്‍ ക്രൂ റിക്രൂട്ട്‌മെന്റിന് അപേക്ഷ നല്‍കാനെത്തിയത് ആയിരങ്ങള്‍. രജിസ്റ്റര്‍ ചെയ്യാനും സി.വി നല്‍കാനും ഹോട്ടലില്‍
എത്തിച്ചേരണമെന്ന വെബ്‌സൈറ്റിലെ പരസ്യം കണ്ടാണ് രാവിലെ മുതല്‍ തന്നെ നിരവധി പേര്‍ എത്തിച്ചേര്‍ന്നത്.
സി.വി പരിശോധിച്ച് ഇന്ന് ഷോര്‍ട് ലിസ്റ്റ് ചെയ്യുന്നവരെ നാളെയും മറ്റന്നാളുമായി അസസ്‌മെന്റ് പ്രക്രിയക്ക് വിളിക്കുമെന്നായിരുന്നു അറിയിപ്പ്. അപേക്ഷകരുടെ വന്‍ ക്യൂ കാരണം ഇന്ന് ഇത്തിഹാദ് അധികൃതര്‍ ശരിക്കും ബുദ്ധിമുട്ടി. ഒടുവില്‍ എല്ലാവരുടേയും അപേക്ഷകള്‍ വാങ്ങിവെച്ച് വിവരം അറിയിക്കാമെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.
ആയിരത്തോളം ജീവനക്കാരെയാണ് ഇത്തിഹാദ് റിക്രൂട്ട് ചെയ്യുന്നത്. യു.എ.ഇക്കു പുറമെ, ഈജിപ്ത്, ലെബനോന്‍, റഷ്യ, സ്‌പെയിന്‍, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലും ഇത്തിഹാദ് എയര്‍വേസ് റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. അവധിക്കാലത്തെ തിരിക്കും പുതിയ എയര്‍ബസ് എ 350 വിമാനങ്ങള്‍ ഉള്‍പ്പെടുത്തുന്നതുമാണ് പുതിയ റിക്രൂട്ട്‌മെന്റ് വേഗത്തിലാക്കുന്നത്.