ഗാസ-അതിര്‍ത്തിയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയ എട്ട് ഫലസ്തീനികളെ കൂടി ഇസ്രായില്‍ സൈന്യം വെടിവെച്ചു കൊന്നു. നിരായുധരായ ഫലസ്തീനികള്‍ക്കുനേരെ ഇസ്രായില്‍ സേന നരനായാട്ട് തുടരുകയാണ്. ഗാസ-ഇസ്രായില്‍ അതിര്‍ത്തിയില്‍ ഒരാഴ്ചയായി തുടരുന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം ഇതോടെ 24 ആയി.
ഫുട്‌ബോള്‍ കളി കാണുന്നതു പോലെ ഇസ്രായിലികള്‍ അതിര്‍ത്തിയില്‍ നോക്കി നില്‍ക്കുന്ന ഫോട്ടോകള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറംലോകത്തെത്തിച്ചു.
ഫലസ്തീനികളെ രക്ഷിക്കാന്‍ ഉടന്‍ ഇടപെടണമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് യു.എന്‍. രക്ഷാസമിതിയോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച നടന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത 25 ഫല്‌സതീനികള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരില്‍ അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഹമാസ് ആഹ്വാനം ചെയ്ത പ്രതിഷേധ മാര്‍ച്ചില്‍ രണ്ടാമത്തെ വെള്ളിയാഴ്ചയും ആയിരങ്ങളാണ് അണിചേര്‍ന്നത്. പ്രതിഷേധത്തിന്റെ മറവില്‍ ഹമാസ് അതിര്‍ത്തിയില്‍ ആക്രമണം നടത്തുകയാണെന്ന് ഇസ്രായില്‍ ആരോപിക്കുന്നു.
അതിര്‍ത്തി വേലിയില്‍നിന്ന് നൂറുകണക്കിനു മീറ്റര്‍ അകലെ അഞ്ച് ക്യാമ്പുകളിലേക്ക് ആയിരക്കണക്കിന് ഫലസ്തീനികളാണ് ഒഴുകിയെത്തിയത്. ജുമുഅ പ്രാര്‍ഥനക്കു ശേഷം ഖുസ്സക്കു സമീപത്തെ ക്യാമ്പില്‍നിന്ന് ഫലസ്തീനികളുടെ ചെറു സംഘങ്ങള്‍ അതിര്‍ത്തിയിലേക്ക് നീങ്ങിയിരുന്നു.
കൊല്ലപ്പെട്ടവരില്‍ ഒരു 16 വയസ്സുകാരനും ഉള്‍പ്പെടുന്നു. ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന പേരില്‍ കഴിഞ്ഞ മാസം 30 ന് ആരംഭിച്ച പ്രതിഷേധ പരിപാടികളുടെ ഭാഗമായി എല്ലാ ദിവസവും അതിര്‍ത്തിയില്‍ പ്രകടനം നടക്കുന്നുണ്ട്. ഇസ്രായിലിലുള്ള തങ്ങളുടെ മുന്‍തലമുറയുടെ വീടുകള്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ടാണ് ഫലസ്തീന്‍ അഭയാര്‍ഥികള്‍ ഉള്‍പ്പെടുന്ന ഗാസക്കാരുടെ പ്രതിഷേധം.