കൊൽക്കത്ത- പശ്ചിമബംഗാളിൽ സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന 17 സർവകലാശാലകളുടെ ചാൻസലറായി ഇനി മുതൽ മുഖ്യമന്ത്രി. ചാൻസലർ സ്ഥാനത്ത് ഗവർണറെ നിയമിക്കുന്ന ബിൽ നിയമസഭ പാസാക്കി. ഗവർണറിൽ നിന്ന് ചുമതല മുഖ്യമന്ത്രിയിലേക്ക് മാറ്റുന്ന ബിൽ പ്രതിപക്ഷമായ ബി.ജെ.പിയുടെ ശക്തമായ എതിർപ്പ് മറികടന്നാണ് നിയമസഭ പാസാക്കിയത്.
ബില്ലോ ഓഡിനൻസോ പാസാക്കാൻ ഗവർണറുടെ അനുമതി വേണമെന്നിരിക്കെ ഗവർണറിൽ നിന്ന് അനുകൂല സമീപനത്തിന്റെ അഭാവത്തിലും ഈ ബിൽ പാസാക്കുമെന്ന് തൃണമുൽ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. സംസ്ഥാനസർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം സംസ്ഥാനസർക്കാരുകൾക്ക് നൽകുന്ന നിയമം തമിഴ്നാടും ഗുജറാത്തും നേരത്തെ പാസാക്കിയിരുന്നു. എന്നാൽ ഈ സംസ്ഥാനങ്ങളിൽ ഗവർണർ തന്നെയാണ് ചാൻസലറായി തുടരുന്നത്.