തിരുവനന്തപുരം-മുഖ്യമന്ത്രിക്കെതിരെ ചാവേറുകളെ ഇറക്കിവിട്ട് വലിയ അക്രമത്തിന് കോപ്പ്കൂട്ടുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ കരിങ്കൊടി പ്രതിഷേധം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ ജയരാജൻ തള്ളിയിട്ടിരുന്നു. ഇത് സംബന്ധിച്ച് നടത്തിയ വിശദീകരണത്തിലാണ് ജയരാജൻ ഇക്കാര്യം പറഞ്ഞത്.
വിമാനത്തിനകത്ത് കയറിയുള്ള പ്രതിഷേധങ്ങൾ കേട്ട്‌കേൾവിയില്ലാത്ത കാര്യമാണെന്നും മുഖ്യമന്ത്രിയെ കയ്യേറ്റം ചെയ്യാനും വധിക്കാനുമുള്ള ഗൂഢശ്രമങ്ങളുടെ ഭാഗമാണിതെന്നും ജയരാജൻ പറഞ്ഞു. യു.ഡി.എഫ് നേതൃത്വത്തിന്റേയും പ്രതിപക്ഷ നേതാവിന്റേയും പൂർണ്ണ അറിവോടെയാണ് ഈ നീക്കം. തുടർച്ചയായി കേരളത്തിന്റെ ഭരണത്തിൽ നിന്ന് യു.ഡി.എഫിനെ ജനം മാറ്റി നിറുത്തിയതോടെ മനോ നില തെറ്റിയവരായി കോൺഗ്രസ് നേതൃത്വം മാറിയെന്നും ജയരാജൻ പറഞ്ഞു. മദ്യപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ എത്തിയതെന്നും ജയരാജൻ നേരത്തെ ആരോപിച്ചിരുന്നു.