Sorry, you need to enable JavaScript to visit this website.

ഏകസിവില്‍ കോഡ് നടപ്പിലാക്കണമെന്ന് വി.എച്ച്.പി പ്രമേയം; പ്രക്ഷോഭം നടത്തില്ല, സമവായത്തിലെത്തണം

ന്യൂദല്‍ഹി-രാജ്യം നേരിടുന്ന വിവിധ വെല്ലുവിളികള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന്  ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട്  വിശ്വഹിന്ദു പരിഷത്ത് പ്രമേയം പാസാക്കി.
ഏക സിവില്‍ കോഡിനെ അനുകൂലിച്ച് പ്രമേയം പാസാക്കിയെങ്കിലും ഇതിനായി പ്രക്ഷോഭം നടത്തുമെന്ന് വി.എച്ച്.പി വ്യക്തമാക്കിയിട്ടില്ല. പകരം  പകരം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും ആലോചിച്ച് സമവായത്തിലെത്താനാണ് കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചത്.
രാജ്യത്തെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്, എല്ലാ വിഭാഗത്തിനും ഒരു നിയമം നടപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഹരിദ്വാറില്‍ വിഎച്ച്പിയുടെ കേന്ദ്രീയ മാര്‍ഗദര്‍ശക് മണ്ഡല്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ ജുന പീഠാധിപതി ആചാര്യ മഹാമണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി മഹാരാജ് പറഞ്ഞു.
ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നുണ്ട്. ജംഇയ്യത്ത് ഉലമായെ ഹിന്ദ് ഉള്‍പ്പെടെയുള്ള സംഘടനകളും അഖിലേന്ത്യാ വ്യക്തിനിയമ ബോര്‍ഡും ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ട്.  ഭരണഘടനയുടെ 44ാം അനുച്ഛേദം ചൂണ്ടിക്കാട്ടിയാണ് ഏക നിയമം നടപ്പാക്കണമെന്ന ആവശ്യം ഉയരുന്നത്.
വിഷയം ലോ കമ്മിഷന്റെ പരിഗണനയിലാണെന്നും അതിന്റെ റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ ഇത് നടപ്പാക്കൂ എന്നും കേന്ദ്രസര്‍ക്കാര്‍ നിവേദനത്തിന് മറുപടി നല്‍ിയിരുന്നു.  വിഷയത്തില്‍ കേന്ദ്രം ഇതുവരെ വ്യക്തമായ നീക്കം നടത്തിയിട്ടില്ലെങ്കിലും ഉത്തരാഖണ്ഡ് പോലുള്ള സംസ്ഥാനങ്ങള്‍ ഇതിനുള്ള കരട് തയ്യാറാക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.
വിഎച്ച്പിയുടെ ഉന്നതതല യോഗത്തില്‍ രാജ്യത്തുടനീളം നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു.
ചില ആദിവാസി മേഖലകളില്‍ തന്ത്രപരമായി നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും കര്‍ശനമായ നടപടികളില്ലാതെ ഇത്തരം മതപരിവര്‍ത്തനങ്ങള്‍ തടയുക ബുദ്ധിമുട്ടാണെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

 

Latest News