ന്യൂദല്‍ഹി- ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ആക്ടിവിസ്റ്റും മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥിനിയുമായ അഫ്രീന്‍ ഫാത്തിമയുടെ വീട് തകര്‍ത്തതിനെതിരെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ (ജെഎന്‍യുഎസ്‌യു) കാമ്പസില്‍ പ്രകടനം നടത്തി.
പ്രവാചക നിന്ദക്കെതിരെ ജൂണ്‍ 10ന് പ്രയാഗ്‌രാജില്‍ നടന്ന പ്രതിഷേധത്തിന്റേയും അക്രമത്തിന്റേയും മുഖ്യസൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന പമ്പ് എന്ന ജാവേദ് അഹമ്മദിന്റെ വീട് കനത്ത പോലീസ് വിന്യാസന്നാഹത്തോടെ ഞായറാഴ്ച പ്രയാഗ്‌രാജ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഡിഎ) തകര്‍ക്കുകയായിരുന്നു . അഫ്രീന്‍ ഫാത്തിമയുടെ പിതാവാണ് അഹമ്മദ്.
വെള്ളിയാഴ്ച കല്ലേറിന് നടന്ന സഹറന്‍പൂരില്‍ കലാപത്തിന് ഉത്തരവാദികളെന്ന് ആരോപിച്ച് രണ്ട് പേരുടെ സ്വത്തുക്കള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിച്ചതിന് പിന്നാലെയാണ് പ്രയാഗ് രാജിലും വീട് തകര്‍ത്തത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരെ മുദ്രവാക്യം മുഴക്കിയാണ് ജെഎന്‍യു കാമ്പസില്‍ പ്രകടനം നടന്നത്. മുസ്ലിംകളെ വേട്ടയാടുന്നത് നിര്‍ത്തുക എന്ന് എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി.
പ്രവാചക നിന്ദയുടെ പേരില്‍ ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്ത ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ജൂണ്‍ 10 ന് പ്രയാഗ്‌രാജിലും ഉത്തര്‍പ്രദേശിലെ മറ്റു ഭാഗങ്ങളിലും പ്രകടനം നടന്നത്.
അക്രമവുമായി ബന്ധപ്പെട്ട് ജാവേദ് അഹമ്മദിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു.