റിയാദ്-സൗദി അറേബ്യയെ ബഹ്‌റൈനുമായി ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വേ വഴി മെയ് മാസം മാത്രം യാത്ര ചെയ്തത് പത്ത് ലക്ഷം വാഹനങ്ങളെന്ന് കിങ് ഫഹദ് കോസ്‌വേ പബ്ലിക് കോർപറേഷൻ വ്യക്തമാക്കി. 10,35,577 വാഹനങ്ങളാണ് ഇതു വഴി സഞ്ചരിച്ചത്. ഇതിൽ 5,44,918 വാഹനങ്ങൾ സൗദിയിൽ നിന്ന് ബഹ്‌റൈനിലേക്കും 4,90,639 വാഹനങ്ങൾ ബഹ്‌റൈനിൽ നിന്ന് സൗദിയിലേക്കും വന്നതാണ്. മെയ് അഞ്ചിനാണ് കഴിഞ്ഞ മാസം ഏറ്റവും അധികം വാഹനങ്ങൾ സഞ്ചരിച്ചത്. ഈ ദിവസം 44,120 വാഹനങ്ങളാണ് രണ്ടു ഭാഗത്തേക്കു കൂടി സഞ്ചരിച്ചത്. കോസ് വേ വഴി സഞ്ചിരിക്കാനുള്ള രേഖകൾ കിംഗ് ഫഹദ് കോസ്‌വേ പബ്ലിക് കോർപറേഷൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. പൗരന്മാർക്കും മറ്റു ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കുമുള്ള ഗാർഹിക ജോലിക്കാർ രാജ്യത്തേക്ക് വരാനോ ബഹ്‌റൈനിലേക്ക് പോകാനോ ആവശ്യമായ നടപടി ക്രമങ്ങളാണ് കോർപറേഷൻ വ്യക്തമാക്കിയിരുന്നത്. ഗാർഹിക ജോലിക്കാർ സൗദിയിലേക്ക് പ്രവേശിക്കണമെങ്കിൽ സാധുവായ റസിഡന്റ് പെർമിറ്റ്, പാസ്‌പോർട്ട്, ജോലി നൽകിയ ആളുടെയോ കുടുംബാംഗത്തിന്റെയോ കൂടെയുള്ള യാത്ര, മെഡിക്കൽ ഇൻഷുറൻസ് എന്നിവ നിർബന്ധമാണ്. ഇനി ബഹ്‌റൈനിലേക്ക് പോവാൻ ഗൽഫ് കോർപറേഷൻ കൗൺസിൽ രാജ്യങ്ങളുടെ സാധുവായ താമസ പെർമിറ്റ്, പാസ്‌പോർട്ട്, ജോലി നൽകിയ ആളുടെയോ കുടുംബാംഗത്തിന്റെയോ കുടെയുള്ള യാത്ര എന്നിവയാണ് നിർബന്ധമാക്കിയിരുന്നത്.