കുവൈത്ത് സിറ്റി- ഇന്ത്യയിൽ പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കുവൈത്തിൽ പ്രകടനം നടത്തിയ വിദേശികൾക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. നിയമം ലംഘിച്ച് പ്രകടനം നടത്തിയവരെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്നാണ് പ്രമുഖ പ്രാദേശിക ദിനപത്രമായ അൽ റായ് റിപ്പോർട്ട് ചെയ്യുന്നത്.
പ്രതിഷേധക്കാരെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും നാടുകടത്താനുമുള്ള നടപടികൾ സുരക്ഷാ ഏജൻസികൾ ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
പ്രകടനത്തിൽ പങ്കെടുത്ത പ്രവാസികളെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് പേര് വെളിപ്പെടുത്താത്ത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.
മുഹമ്മദ് നബിക്കെതിരായ പരാമർശങ്ങളെ അപലപിക്കാൻ ഇന്ത്യക്കാരടക്കമുള്ളവർ ജുമുഅക്കു ശേഷം കുവൈത്തിലെ ഫഹാലീൽ പ്രദേശത്ത് ഒത്തുകൂടിയിരുന്നു.
മറ്റ് ഗൾഫ് രാജ്യങ്ങളെപ്പോലെ കുവൈത്തും ഏത് തരത്തിലുള്ള പ്രതിഷേധങ്ങളും പ്രകടനങ്ങളും അനുവദിക്കുന്നില്ല. ഇത്തരം സമ്മേളനങ്ങൾ ഗുരുതരമായ നിയമലംഘനമായാണ് കണക്കാക്കുന്നത്.