ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളിൽ ഒരു കാലത്ത് ആവേശം വിതറിയിരുന്ന നവ്‌ജോത് സിംഗ് സിന്ധു, കഴിഞ്ഞ മാസം 18 ന് ദൽഹിയിൽ പ്രഖ്യാപിച്ചു: 2019 ൽ ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തുന്നത് രാഹുൽ ഗാന്ധിയായിരിക്കും. തിളങ്ങുന്ന മുഖത്തോടെ സോണിയാ ഗാന്ധി അത് കേട്ടുനിന്നു. സദസ്യർ ആരവത്തോടെ ആ വാക്കുകളെ സ്വീകരിച്ചു. രാഹുൽ ഗാന്ധി ഔദ്യോഗികമായി കോൺഗ്രസ് പാർട്ടിയുടെ സാരഥ്യം ഏറ്റെടുത്ത പ്ലീനറി സമ്മേളനമായിരുന്നു കോൺഗ്രസ് നേതാക്കളിൽ പുതിയ ആത്മവിശ്വാസത്തിന് തുടക്കമിട്ട വേദി.
പ്ലീനറി സമ്മേളനത്തിൽ പിന്നീട് നടന്ന പ്രസംഗങ്ങളെല്ലാം ഈ ആവേശത്തേയും ആത്മവിശ്വാസത്തേയും വിളംബരം ചെയ്യുന്നതായിരുന്നു. രാജ്യത്ത് മോഡി പ്രഭാവം അസ്തമിച്ചതായും ബി.ജെ.പി സർക്കാരിനെതിരായ ജനവികാരം അലയടിക്കുന്നതായും അവർ വിലയിരുത്തി. സദസ്സിനെ അഭിസംബോധന ചെയ്യവേ, നരേന്ദ്ര മോഡിയെ രാഹുൽ കടന്നാക്രമിച്ചു. മോഡി കരുതുന്നത് അദ്ദേഹം ദൈവത്തിന്റെ അവതാരമാണെന്നാണ്. അദ്ദേഹം അഴിമതിയോട് പോരാടുകയല്ല, അദ്ദേഹം തന്നെയാണ് അഴിമതി. നീരവ് മോഡിയേയും ലളിത് മോഡിയേയും ചൂണ്ടിക്കാട്ടി മോഡി എന്നത് അഴിമതിയുടെ പര്യായ പദമാണെന്നും രാഹുൽ പരിഹസിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രിയും രാജ്യത്തെ ഏറ്റവും വലിയ ക്രോണി കാപിറ്റലിസ്റ്റുകളും തമ്മിലുള്ള ബന്ധത്തെ പ്രതീകവൽക്കരിക്കുന്നതാണ് മോഡി എന്ന വാക്കെന്നും രാഹുൽ നീരീക്ഷിച്ചു. തൊഴിലില്ലാതെ യുവാക്കളും പണമില്ലാതെ കർഷകരും ആത്മഹത്യാ മുനമ്പിൽ നിൽക്കുമ്പോൾ മോഡി യോഗാഭ്യാസങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കടുത്ത വാക്കുകൾ ഉപയോഗിച്ചായിരുന്നു രാഹുലിന്റെ ആക്രമണം.
പൊതുവെ ശാന്തനായ ഡോ. മൻമോഹൻ സിംഗ് പോലും പ്ലീനറി സമ്മേളനത്തിൽ അക്രമാസക്തനായിരുന്നു. മുൻ ധനമന്ത്രി പി. ചിദംബരവും സമ്മേളനത്തിന്റെ പൊതുവായ വികാരത്തിന് അനുകൂലമായി ആവേശകരമായി സംസാരിച്ചു. 2019 ലെ തെരഞ്ഞെടുപ്പിനെ മഹാഭാരത യുദ്ധമായാണ് നേതാക്കൾ വിശേഷിപ്പിച്ചത്. സത്യവും നുണകളും തമ്മിലുള്ള യുദ്ധമായിരിക്കും അത്. ബി.ജെ.പിയും ആർ.എസ്.എസുമാണ് കൗരവർ. നന്മയുടെ പക്ഷത്താകട്ടെ, കോൺഗ്രസാകുന്ന പാണ്ഡവരും. പരസ്പര വൈരങ്ങളും ആഭ്യന്തര പ്രശ്‌നങ്ങളും മറന്ന്, ഒറ്റക്കെട്ടായി പാർട്ടിക്ക് ശക്തി പകരാൻ രാഹുൽ പ്രവർത്തകരോട് അഭ്യർഥിച്ചു.
ഉത്തർപ്രദേശിലെ രണ്ട് പ്രധാന മണ്ഡലങ്ങളിൽ നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് വലിയ പരാജയം ഏറ്റതിന് പിന്നാലെയാണ് കോൺഗ്രസ് സമ്മേളനം നടന്നത്. ആ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളെ നിർത്തിയിരുന്ന കോൺഗ്രസിന് കെട്ടിവെച്ച കാശുപോലും കിട്ടിയില്ല എന്ന സത്യം മറച്ചുവെച്ചായിരുന്നില്ല ഈ ആവേശ പ്രകടനം. മറിച്ച്, ബി.ജെ.പിക്കേറ്റ പ്രഹരത്തിന്റെ ശക്തിയാണ് കോൺഗ്രസ് ആഘോഷിച്ചത്. ബി.ജെ.പി വിരുദ്ധ ശക്തികൾക്ക് ലഭിച്ച വിജയത്തെ സ്വന്തം വിജയമായി ആഘോഷിക്കാൻ പാർട്ടിക്ക് മടിയില്ലായിരുന്നു. വർഷങ്ങളായി മുഖ്യ പ്രതിപക്ഷ പാർട്ടിയായിരുന്ന ത്രിപുരയിൽ കോൺഗ്രസ് ഒന്നുമല്ലാതാകുന്നതാണ് പിന്നീട് കണ്ടത്. സി.പി.എമ്മിനേറ്റ ദയനീയ പരാജയം പക്ഷേ, പാർട്ടിക്ക് സന്തോഷം പകർന്നില്ല. മറിച്ച്, ബി.ജെ.പിയുടെ അപ്രതീക്ഷിത വിജയം പാർട്ടിയെ നടുക്കുകയാണ് ചെയ്തത്. പ്ലീനറിയിൽ പാർട്ടി പ്രകടിപ്പിച്ച ആത്മവിശ്വാസത്തിന് ബലം പകരുന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കർണാടകയെക്കുറിച്ച് പുറത്തു വരുന്ന വാർത്തകൾ. അഭിപ്രായ സർവേകൾ കോൺഗ്രസിന് ഇവിടെ തിളക്കമുള്ള വിജയമാണ് പ്രവചിക്കുന്നത്. തുടർന്നു നടക്കാനിരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് തിരിച്ചുവരവിനുള്ള പ്രതീക്ഷകൾ വെച്ചുപുലർത്തുന്നു.
കോൺഗ്രസിന്റെ ആവേശത്തിന് കൂടുതൽ ശക്തി പകരുന്നതാണ് ഏറ്റവും പുതിയ സി.എസ്.ഡി.എസ് സർവേ ഫലങ്ങൾ. രാജ്യത്തെ രാഷ്ട്രീയ വികാരം മോഡിക്കും ബി.ജെ.പിക്കുമെതിരെ തിരിയുന്നതായി അത് വ്യക്തമാക്കുന്നു. 2014 പകുതി മുതൽ മോഡി എന്ന വ്യക്തിയെ ചുറ്റിപ്പറ്റി നീങ്ങുന്ന ഇന്ത്യൻ രാഷ്ട്രീയം പ്രസ്താവ്യമായ മാറ്റങ്ങൾ പ്രദർശിപ്പിച്ചു തുടങ്ങിയതായി സർവേ ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പി സർക്കാരിന്റെ പ്രധാനപ്പെട്ട നയ തീരുമാനങ്ങളും സർക്കാരിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളും മാറിച്ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു തുടങ്ങിയിരിക്കുന്നുവെന്നു സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപിംഗ് സൊസൈറ്റീസ് നടത്തിയ പഠനം തെളിയിക്കുന്നത്.
2017 മേയിൽ 19 സംസ്ഥാനങ്ങളിലായി 11,373 പേരിൽ നടത്തിയ സർവേയും 2018 ജനുവരിയിൽ 14,336 വോട്ടർമാരിൽ മൂന്നാഴ്ച സമയമെടുത്ത് നടത്തിയ സർവേയിലും ഈ വസ്തുത തെളിഞ്ഞുനിന്നു. ആനന്ദ് ബസാർ പത്രിക എന്ന മാധ്യമ ഗ്രൂപ്പിന് വേണ്ടിയായിരുന്നു സർവേകൾ. ഒരു സ്വതന്ത്ര ഏജൻസി സമീപ കാലത്ത് നടത്തിയ ഗവേഷണ പഠനമെന്ന നിലയിൽ സി.എസ്.ഡി.എസ് സർവേ ഫലം ശരിയായ ഒരു ദിശാസൂചികയാണ് രാഷ്ടീയ നിരീക്ഷകർ വിലയിരുത്തുന്നു.
ബി.ജെ.പിക്ക് എതിരായ ജനവികാരം മാത്രമല്ല, രാഷ്ട്രീയ ചിന്തകൾ നേരിയ രീതിയിൽ കോൺഗ്രസിന് അനുകൂലമായി നീങ്ങുന്നതായും സർവേ കണ്ടെത്തിയിരുന്നു.അതേസമയം, അത് പ്രതിപക്ഷത്തിന് ശക്തമായ മുന്നറിയിപ്പും നൽകുന്നു. ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷത്തെ അണിനിരത്താനുള്ള കോൺഗ്രസിന്റെ ശേഷിയിൽ വോട്ടർമാർ സംശയം പ്രകടിപ്പിക്കുന്നുണ്ട് എന്നതാണത്. രണ്ടാമത്തെ സർവേ നടത്തിയ ജനുവരിയിൽ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താൻ സാധിക്കുമെന്ന് ഗവേഷകർ വിലയിരുത്തുന്നു, പ്രതിപക്ഷം ഇപ്പോഴത്തെ അവസ്ഥയിൽ വിഘടിതരായി തുടരുകയാണെങ്കിൽ.
കാർഷിക മേഖലയിലുണ്ടായ പ്രതിസന്ധി, ജി.എസ്.ടി നടപ്പാക്കിയതിലെ അപാകം, തൊഴിലില്ലായ്മ വർധിച്ചത് എന്നിവയാണ് ബി.ജെ.പി സർക്കാരിനെതിരായ ജനവികാരം ഏറ്റവും ശക്തമാക്കിയ ഘടകങ്ങൾ. കർഷകരിലും വ്യാപാരികളിലും യുവാക്കളിലുമാണ് സർക്കാരിനെതിരായ വികാരം ഏറ്റവും ശക്തമായി കണ്ടതെന്നും പഠനം പറയുന്നു. മധ്യ ഇന്ത്യയിലും പടിഞ്ഞാറൻ ഇന്ത്യയിലുമാണ് ബി.ജെ.പിക്കെതിരായ വികാരം ഏറ്റവും ശക്തമായി കണ്ടത്. മധ്യപ്രദേശിലും മഹാരാഷ്ട്രയിലും അതിശക്തമായ മോഡി വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ ബി.ജെ.പി പ്രകടനവും ഈ ജനവികാരം സാക്ഷ്യപ്പെടുത്തുന്നതാണ്.
ഈ വികാരം വോട്ടുകളാക്കി പരിവർത്തിപ്പിക്കാനും 2019 ൽ ബി.ജെ.പിയുടെ പരാജയം ഉറപ്പു വരുത്താനും കോൺഗ്രസിന് കഴിയുമോ എന്നതാണ് കാതലായ ചോദ്യം. ബി.ജെ.പി ശക്തികേന്ദ്രങ്ങളായ രാജസ്ഥാനിലും ഉത്തർപ്രദേശിലും കേന്ദ്ര സർക്കാരിനെതിരായ അസംതൃപ്തി നിലനിൽക്കുന്നുണ്ടെന്ന് സർവേ പറയുന്നു.
ബി.ജെ.പിയുടെ വൻ വിജയത്തിന് നിദാനമായ സംസ്ഥാനങ്ങൾ മാറിച്ചിന്തിച്ചു തുടങ്ങിയത് കോൺഗ്രസിന് പ്രതീക്ഷ പകരേണ്ടതാണ്. എന്നാൽ പ്രാദേശിക കക്ഷികളെ ഒപ്പം നിർത്തിയും ദേശീയ പ്രതിപക്ഷ കക്ഷികളെ ഒരേ ചരടിൽ കോർത്തും ബി.ജെ.പിക്കെതിരായ ഏകമുഖം പ്രദർശിപ്പിക്കാൻ കോൺഗ്രസിന് കഴിയുമെങ്കിൽ മാത്രമേ നവജോത് സിംഗ് സിദ്ദുവിന്റെ പ്രവചനം പുലരുകയുള്ളൂ.