കൊച്ചി-സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി നിരപരാധിയാണെങ്കില്‍ എന്തിനാണിത്ര ഭയക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കേസുമായി ബന്ധപ്പെട്ട് ഓരോദിവസവും ദുരൂഹത വര്‍ധിക്കുകയാണ്. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഭീതിയും വെപ്രാളവും പരിഭ്രാന്തിയും ഓട്ടവും കണ്ടിട്ട് ഇതില്‍ എന്തോ ഉണ്ടെന്ന് ജനങ്ങള്‍ സംശയിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരള ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും ഇതുപോലെയുള്ള സുരക്ഷാ സംവിധാനത്തില്‍ സഞ്ചരിച്ചിട്ടില്ല. എന്തിനാണ് മുഖ്യമന്ത്രി ഭയപ്പെടുന്നത്? മുഖ്യമന്ത്രിയുടെ സുരക്ഷാവ്യൂഹം ഞെട്ടിക്കുന്നതാണ്. 40 വാഹനങ്ങളുടെ അകമ്പടിയിലാണ് മുഖ്യമന്ത്രിയുടെ സഞ്ചാരം. 20 മീറ്റര്‍ അകലം പാലിച്ച് പോലീസ് നില്‍ക്കുകയാണ്. സംസ്ഥാനത്തെ മുഴുവന്‍ പോലീസിനെയും വിന്യസിച്ചാണ് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതെന്നു സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുപ്പ് കാണാനേ പാടില്ല. എന്താണ് കേരളത്തില്‍ സംഭവിക്കുന്നത്? നേരത്തെ പ്രധാനമന്ത്രി മോഡി പൂനെയില്‍ ഒരു പരിപാടി ഉദ്ഘാടനം ചെയ്യാന്‍ വന്നപ്പോഴാണ് കറുപ്പ് കാണാനേ പാടില്ലെന്ന നിലപാട് രാജ്യത്ത് ആദ്യമായി കണ്ടത്. മുണ്ടുടുത്ത മോഡിയാണെന്ന് തങ്ങള്‍ പറഞ്ഞത് ശരിവെക്കുന്നതാണ് മുഖ്യമന്ത്രിയുടെ നടപടികളെന്നും സതീശന്‍ പറഞ്ഞു.
കറുത്ത ചുരിദാര്‍ ധരിച്ച് പോകുന്ന പെണ്‍കുട്ടികളെ പോലും പോലീസ് വണ്ടിയില്‍ പിടിച്ചുകൊണ്ടുപോകുന്നു. ജനുസ് വേറെയാണ്, ഇങ്ങോട്ട് വേണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി നാട്ടുകാരെ വെല്ലുവിളിക്കുകയാണ്. ഒരു മുഖ്യമന്ത്രി സഞ്ചരിക്കുന്നതിന്റെ ആഘോഷം കണ്ട് ജനം സ്തബ്ധരായിരിക്കുകയാണ്. ഇക്കണക്കിന് മുഖ്യമന്ത്രി പുറത്തിറങ്ങാത്തതാണ് നാടിനും മുഖ്യമന്ത്രിക്കും നല്ലതെന്ന് സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് എല്ലാത്തിനെയും ഭയമാണ്. അദ്ദേഹത്തിന്റെ കണ്ണിലും മനസിലും ഇരുട്ടാണ്. അതുകൊണ്ടാണ് നോക്കുന്നതെല്ലാം കറുപ്പായി തോന്നുന്നത്. ഇനി സംസ്ഥാനത്ത് കറുപ്പ് നിരോധിക്കുമോ എന്നാണ് ഭയം. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പായി ഒരു അവതാരങ്ങളെയും വെച്ച് പുറപ്പിക്കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ അവതാരങ്ങളെ മുട്ടിയിട്ട് ഈ ഭരണകാലത്ത് നടക്കാന്‍ കഴിയുന്നില്ല. ഒമ്പതാമത്തെ അവതാരമാണ് പഴയ മാധ്യമപ്രവര്‍ത്തകന്‍. എന്തുകൊണ്ടാണ് പുതിയ അവതാരത്തെ ചോദ്യം ചെയ്യാത്തതെന്നും സതീശന്‍ ചോദിച്ചു.
കരിങ്കൊടി കാണിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് കോടതി വരെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കരിങ്കൊടി കാണിച്ചവരെ പാന്റ്‌സും ഷര്‍ട്ടും ഊരി ലോക്കപ്പില്‍ നിര്‍ത്തുകയാണ് ഏകാധിപതിയായ മുഖ്യമന്ത്രി ചെയ്യുന്നത്. അങ്ങനെയൊന്നും വിരട്ടാന്‍ വരണ്ടേ. സുരക്ഷാസന്നാഹത്തിന് നടുവില്‍ നിന്നല്ല പ്രതിപക്ഷം പറയുന്നത്. രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുകയാണ് പോലീസ് ചെയ്യുന്നതെന്നും സതീശന്‍ പറഞ്ഞു.