തിരുവനന്തപുരം- തിരുവനന്തപുരം ആര്‍ഡിഒ കോടതിയിലെ തൊണ്ടിമുതല്‍ കവര്‍ന്ന ആളെ തിരിച്ചറിഞ്ഞു. 2020- 21 കാലത്തെ സീനിയര്‍ സൂപ്രണ്ട് ആണ് മോഷ്ടാവെന്നാണ് വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തല്‍. ലോക്കല്‍ പോലീസും ഇക്കാര്യം ശരിവച്ചു. ആദ്യം 2010 മുതല്‍ ആര്‍ഡിഒ കോടതിയിലെ ലോക്കറിന്റെ ചുമതലക്കാരായ 26 ഉദ്യോഗസ്ഥരെയും പിന്നീട് 2019- 21 കാലത്തെ അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരേയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സീനിയര്‍ സൂപ്രണ്ടില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം റിട്ടയര്‍ ചെയ്ത തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിക്കെതിരെ നടപടി ആവശ്യപ്പെട്ട് സബ് കലക്ടര്‍ മാധവിക്കുട്ടി റിപ്പോര്‍ട്ട് നല്‍കി.
ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ശരിവച്ച പേരൂര്‍ക്കട പോലീസ് ഇയാളെ നിരീക്ഷണത്തിലാക്കി. 2021 ഫെബ്രുവരിയില്‍ തൊണ്ടിമുതലുകള്‍ സുരക്ഷിതമാണെന്ന് എജിയുടെ ഓഡിറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന് ശേഷമാവും ഇയാള്‍ ഘട്ടം ഘട്ടമായി മോഷണം നടത്തിയതെന്നാണ് കരുതുന്നത്. 130 പവന്‍ സ്വര്‍ണ്ണവും 140 ഗ്രാം വെള്ളിയും 48,000 ഓളം രൂപയുമാണ് കാണാതായത്. ഇതില്‍ 25 പവനോളം സ്വര്‍ണാഭരണങ്ങള്‍ക്ക് പകരം മുക്കുപണ്ടം വെച്ചും തട്ടിപ്പ് നടത്തി. ഇതിനായി ഇയാള്‍ക്ക് വകുപ്പിന് അകത്ത് നിന്നോ പുറത്ത് നിന്നോ സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വന്‍ ആസൂത്രണവും ഗൂഢാലോചനയും നടന്നെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേസ് ക്രൈബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുന്നതില്‍ വ്യക്തത വന്നശേഷമാവും അറസ്റ്റ് അടക്കമുള്ള തുടര്‍ നടപടികള്‍.