തൃശൂര്‍- മലപ്പുറത്തേക്കുള്ള യാത്രാമധ്യേ തൃശൂരില്‍ വിശ്രമത്തിന് എത്തിയ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ വലയം തീര്‍ത്ത് പോലീസ്. പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇന്നലെ എറണാകുളത്തെ പരിപാടി കഴിഞ്ഞ് ഇന്ന് മലപുറത്തേക്ക് പോകുന്നതിനായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാമനിലയത്തില്‍ എത്തിയത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നടത്തിയ പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രി തൃശൂരില്‍ എത്തിയത്. മുഖ്യമന്ത്രി എത്തുന്നതിന് മുന്നോടിയായി നഗരം കര്‍ശനമായ സുരക്ഷ വലയത്തിലായിരുന്നു. മുഖ്യമന്ത്രി താമസിക്കുന്ന രാമനിലയത്തിനകത്തും പുറത്തും പരിസരങ്ങളിലും പോലീസിനെ വിന്യസിച്ചിരുന്നു. രാമനിലയത്തിലേക്ക് വരുന്ന വഴികളിലെല്ലാം പോലീസിനെ നിയോഗിച്ചു.
പ്രതിഷേധം കനത്താല്‍ തടയുന്നതിന് വേണ്ടി ജലപീരങ്കി, ബാരിക്കേഡ് എന്നിവ സജ്ജമാക്കിയിരുന്നു. പാലസ് റോഡിലൂടെ മുഖ്യമന്ത്രി വരുന്നതിന് അരമണിക്കൂര്‍ മുമ്പ് തന്നെ ഗതാഗതം നിരോധിച്ചു. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതിനാല്‍ സാഹിത്യ അക്കാദമിയുടെ വടക്കേ ഗേറ്റിന് സമീപം ബാരിക്കേഡ് ഉയര്‍ത്തി നൂറോളം പോലീസുകാര്‍ നിലയുറപ്പിച്ചുരുന്നു.
രാത്രി 7.53 ന് രാമനിലയത്തിലേക്ക് എത്തിയതോടെയാണ് ഡി.സി.സി ഓഫീസില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ആരംഭിച്ചത്. അമ്പതോളം വരുന്ന പ്രവര്‍ത്തകര്‍ക്ക് മുന്നിലും പിന്നിലും പോലീസ് വാഹനം ഉണ്ടായിരുന്നു. പാലസ് റോഡില്‍ ബാരിക്കേഡ് ഉയര്‍ത്തിയ സ്ഥലത്ത് സമരക്കാര്‍ എത്തിയതും ജലപീരങ്കി ഉപയോഗിച്ച് തടഞ്ഞു. എന്നാല്‍ ഇതിനെ അവഗണിച്ച് പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ ജലപീരങ്കി ശക്തമായി പ്രയോഗിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ ചിതറിയോടുകയും ചെയ്തു. പിന്നീട് വീണ്ടും സംഘടിച്ച് എത്തിയതോടെ രണ്ട് തവണ കൂടി ജലപീരങ്കി പ്രയോഗിച്ച് സമരക്കാരെ തുരത്തി. മാധ്യമ പ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നിന്നിരുന്ന സ്ഥലത്തേക്ക് ജലപീരങ്കി പ്രയോഗിച്ചതോടെ പലരും നിലത്തു വീണു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരാണ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തത്. ജില്ലാ പ്രസിഡന്റ് ഒ.ജെ. ജനീഷ് അദ്ധ്യക്ഷത വഹിച്ചു.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയത് ജനങ്ങളെ വലച്ചു. ഉച്ചമുതല്‍ തന്നെ നഗരത്തില്‍ രാമനിലയം വഴി ഗതാഗതം ക്രമീകരിച്ചിരുന്നു. സന്ധ്യയായതോടെ പാലസ് റോഡിലൂടെ ഗതാഗതം നിര്‍ത്തി മറ്റ് വഴികളിലൂടെ ആളുകളെ വിട്ടു. പാലസ് റോഡ് വഴി നടക്കാനിറങ്ങിയവരെ അതു വഴി കടത്തി വിട്ടില്ല. ഇത് പ്രതിഷേധത്തിന് ഇടയാക്കി. കറുത്ത മാസ്‌ക് ധരിച്ചവരെ പോലീസ് തടഞ്ഞില്ലെങ്കിലും ഇത്തരം മാസ്‌കുകള്‍ ധരിച്ചവര്‍ ഊരി പിടിച്ച് പോകുന്ന കാഴ്ചയും കാണാമായിരുന്നു.