ന്യൂദല്‍ഹി- സര്‍ക്കാര്‍ മുന്നോട്ടു വച്ച വ്യവസ്ഥകള്‍ പാലിക്കാനാവില്ലെന്നു വ്യക്തമാക്കി എയര്‍ ഇന്ത്യയെ ഏറ്റെടുക്കാനുള്ള ശ്രമത്തില്‍ നിന്നും സ്വകാര്യ ഇന്ത്യന്‍ വിമാനക്കമ്പനി ഇന്‍ഡിഗോ പിന്മാറി. ആഭ്യന്തര, രാജ്യാന്തര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളാണ് സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച വില്‍പ്പനയ്ക്കു വച്ചത്. ബജറ്റ് കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസിനെ പൂര്‍ണമായും ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് വിഭാഗമായ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസസ് എന്ന സഹകമ്പനിയുടെ 50 ശതമാനം ഓഹരികളുമാണ് വില്‍ക്കാനൊരുങ്ങുന്നത്്.
എയര്‍ ഇന്ത്യയുടെ വിദേശ സര്‍വീസുകളും എയര്‍ ഇന്ത്യ എക്‌സപ്രസിനെ പൂര്‍ണമായും വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചാണ് ഇന്‍ഡിഗോ രംഗത്തെത്തിയത്. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച വ്യവസ്ഥകള്‍ അനുസരിച്ച് ഈ രീതിയിലുള്ള വില്‍പ്പന സാധ്യമല്ല. ഇതാണ് പിന്മാറാന്‍ കാരണമെന്ന് ഇന്‍ഡിഗോ അറിയിച്ചു.
ടാറ്റ ഗ്രൂപ്പ്, തുര്‍ക്കിയിലെ സെലബി ഏവിയേഷന്‍ ഹോള്‍ഡിംഗ്‌സ് എന്നീ കമ്പനികളാണ് ഇന്‍ഡിഗോയ്ക്ക് പുറമെ എയര്‍ ഇന്ത്യാ ഓഹരിയില്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ടു വന്നിട്ടുള്ളത്. സിംഗപൂര്‍ എയര്‍ലൈന്‍സിനും എയര്‍ ഇന്ത്യയില്‍ കണ്ണുണ്ട്.