Sorry, you need to enable JavaScript to visit this website.

ശ്രുതിയുടെ മരണം; അറസ്റ്റിലായ ഭർത്താവിനേയും   ഭർതൃമാതാവിനേയും കോടതിയിൽ ഹാജരാക്കി 

ഇരിങ്ങാലക്കുട- അന്തിക്കാട് പെരിങ്ങോട്ടുകര ശ്രുതിയുടെ മരണത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. പെരിങ്ങോട്ടുകര സ്വദേശിനി കരുവേലിവീട്ടിൽ ദ്രൗപതി, മകൻ അരുൺ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ സ്ത്രീധന പീഡന മരണക്കുറ്റം ചുമത്തി. ഇരുവരെയും ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കി.
സംസ്ഥാന ക്രൈബ്രാഞ്ചാണു കേസ് അന്വേഷിക്കുന്നത്. ശ്രുതിയുടേത് ആത്മഹത്യയോ കൊലപാതകമോ എന്ന കാര്യത്തിൽ അന്വേഷണം തുടരും. ഇരുവരുടെയും നുണപരിശോധനാ ഫലം ലഭ്യമായിട്ടില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
2020 ജനുവരി ആറിനാണ് പെരിങ്ങോട്ടുകരയിലെ ഭർത്താവിന്റെ വീട്ടിൽ മുല്ലശേരി സ്വദേശി സുബ്രഹ്മണ്യന്റെയും ശ്രീദേവിയുടെയും ഏക മകൾ ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രുതി മരിച്ചത് ശ്വാസം മുട്ടിയാണെന്നും കഴുത്തിലുണ്ടായ ക്ഷതവും മരണകാരണമായെന്ന് മഞ്ചേരി മെഡിക്കൽ കോളേജിലെ ഫോറൻസിക് മേധാവി ഡോ. സിറിയക് ജോബിന്റെ നേതൃത്വത്തിലുള്ള അഞ്ച് ഡോക്ടർമാരുടെ സംഘം കണ്ടെത്തിയിരുന്നു.
കുളിമുറിയിൽ കുഴഞ്ഞുവീണാണ് ശ്രുതി മരിച്ചതെന്നായിരുന്നു അരുണിന്റെയും കുടുംബത്തിന്റെയും മൊഴി. സ്ത്രീധനത്തിന്റെ പേരിൽ ശ്രുതിയെ അരുൺ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നെന്നും പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം. ഇതിനിടയിലാണ് ഭർത്താവിനെയും ഭർതൃമാതാവിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
പെരിങ്ങോട്ടുകര കരുവേലി സുകുമാരന്റെ മകൻ അരുണുമായി വിവാഹം കഴിഞ്ഞ് പതിനാലാം ദിവസമായിരുന്നു ശ്രുതിയുടെ മരണം. തുടക്കം മുതൽത്തന്നെ അന്വേഷണം അട്ടിമറിക്കുന്ന നിലപാടാണ് അന്തിക്കാട് പോലീസ് സ്വീകരിച്ചതെന്ന് ശ്രുതിയുടെ മാതാപിതാക്കൾ പറഞ്ഞു.
 

Latest News