ന്യൂദല്‍ഹി- സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസ് ഉപേക്ഷിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പാര്‍ട്ടി നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇക്കാര്യം സ്ഥിരീകരിച്ചു. ഈ വിഷയം അടച്ചുവച്ചു എന്നാണ് അദ്ദേഹം പ്രതികരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരുന്നതിന് കോണ്‍ഗ്രസ് പ്രതിപക്ഷ കക്ഷികളില്‍ നിന്ന് ഒപ്പു ശേഖരണം നടത്തിയിരുന്നു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് അറുപതോളം പ്രതിപക്ഷ എംഎല്‍എമാരുടെ ഒപ്പു ശേഖരിച്ചിരുന്നു. ഇടതു പാര്‍ട്ടികള്‍, എന്‍ സി പി, എസ് പി, ബി എസ് പി അടക്കമുള്ള പാര്‍ട്ടികളാണ് ഇംപീച്ച് പ്രമേയം കൊണ്ടു വരാനുള്ള നീക്കത്തെ പിന്താങ്ങിയിരുന്നത്. മറ്റു പ്രതിപക്ഷ പാര്‍ട്ടികളായ ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവര്‍ അനുകൂലിച്ചിരുന്നില്ല.
നീക്കം തുടങ്ങി വച്ച ശേഷം കോണ്‍ഗ്രസ് പിന്നട് മൗനം പാലിക്കുകയായിരുന്നു. ഇത്തരമൊരു നീക്കത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഭിന്നാഭിപ്രായമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഭൂരിപക്ഷവും ഈ നീക്കത്തെ പിന്തുണച്ചിരുന്നതായും ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. രാജ്യസഭയിലാണ് ഇത്തരമൊരു നീക്കം നടന്നത്.