ബെംഗളൂരു- വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് സ്ത്രീയുടെ മേല്‍ സഹപ്രവര്‍ത്തകന്‍ ആസിഡ് ഒഴിച്ചു. വിവാഹമോചിതയും മൂന്ന് കുട്ടികളുടെ മാതാവുമായ 32 കാരി വലതു കണ്ണിന് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
യുവതി അപകടനില തരണം ചെയ്തിട്ടുണ്ടെന്നും കാഴ്ചശക്തി ഭാഗികമായി പുനഃസ്ഥാപിച്ചതായും സൗത്ത് ഡി.സി.പി ഹരീഷ് പാണ്ഡെ പറഞ്ഞു. പ്രതിയായ അഹമ്മദ് (36) ഒളിവിലാണ്.
മൂന്ന് വര്‍ഷത്തോളമായി ഇരുവരും തമ്മില്‍ പരിചയമുണ്ടെന്നും ഫാക്ടറിയില്‍ ഒരുമിച്ച് ജോലി ചെയ്യുകയാണെന്നും പോലീസ് പറഞ്ഞു.
സ്വന്തം സമുദായത്തില്‍പ്പെട്ട യുവതിയെ വിവാഹത്തിനായി നിര്‍ബന്ധിച്ച് പ്രതി അഹമ്മദ് കഴിഞ്ഞ കുറേ ആഴ്ചകളായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ദിവസങ്ങളായി പ്രതി വിവാഹത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. നിരസിച്ചതിനെ തുടര്‍ന്ന് രോഷാകുലനായ ഇയാള്‍ യുവതിയെ മര്‍ദിച്ചുവെന്നും ഡി.സി.പി പറഞ്ഞു.
ബെംഗളൂരുവില്‍ രണ്ട് മാസം മുമ്പ് മറ്റൊരു യുവതിക്ക് നേരെ ആസിഡ് ആക്രമണം നടന്നിരുന്നു. പ്രതിയെ പിന്നീട് സന്ന്യാസി വേഷത്തില്‍ തമിഴ്‌നാട്ടിലെ ഒരു ആശ്രമത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.