Sorry, you need to enable JavaScript to visit this website.

മുൻകാല താരങ്ങളെ അണിനിരത്തി കോഴിക്കോട്ട് മാസ്റ്റേഴ്‌സ് ഫുട്‌ബോൾ

കോഴിക്കോട്- ഇന്ത്യൻ ഫുട്‌ബോളിലെ ഒരു കാലത്തെ മിന്നുന്ന താരങ്ങൾ ഒരിക്കൽ കൂടി ഗ്രൗണ്ടിൽ ബൂട്ടണിയുന്ന ഫുട്‌ബോൾ മാമാങ്കത്തിന് കോഴിക്കോട് വേദിയാകുന്നു.
കേരള മാസ്റ്റേഴ്‌സ് ഫുട്‌ബോൾ ക്ലബ് സംഘടിപ്പിക്കുന്ന ഒന്നാമത് ഇന്ത്യൻ മാസ്റ്റേഴ്‌സ് ഫുട്‌ബോൾ ഫെസ്റ്റിനാണ് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം വേദിയാകുന്നത്. കാൽപന്തു കളിയുടെ അതീന്ദ്രിയ ജാലം കാണികളിലേക്ക് തൊടുത്തുവിട്ട എക്കാലത്തെയും ഫുട്‌ബോൾ മാസ്റ്റർമാരായ ബ്രൂണോ കുടീനോ, ഐ.എം വിജയൻ, സി.വി പാപ്പച്ചൻ, രാമൻ വിജയൻ, ധനേഷ് തുടങ്ങി ഒരു കാലത്ത് ഇന്ത്യൻ ഫുട്‌ബോളിന്റെ എല്ലാമെല്ലാമായിരുന്ന പ്രമുഖ താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റാണ് ഇന്ത്യൻ മാസ്റ്റേഴ്‌സ് ഫുട്‌ബോൾ ഫെസ്റ്റ്.
ഈ വരുന്ന 28, 29 തിയ്യതികളിലാണ് മത്സരം. വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ വെറ്ററൻ താരങ്ങളടങ്ങിയ 12 ടീമുകളാണ് മാസ്റ്റേഴ്‌സ് ഫുട്‌ബോൾ ഫെസ്റ്റിൽ അണിനിരക്കുന്നത്. ഗോവ മാസ്റ്റേഴ്‌സ്, ചെന്നൈ വെറ്ററൻസ്, കൊൽക്കത്ത മാസ്റ്റേഴ്‌സ്, ബാംഗ്ലൂർ മാസ്റ്റേഴ്‌സ്, തിരുവനന്തപുരം മാസ്റ്റേഴ്‌സ്, ജിംഖാന തൃശൂർ, ഫാൽക്കൺ എഫ്.സി വള്ളിക്കുന്ന്, കേരള മാസ്റ്റേഴ്‌സ്, ബ്ലാക്ക് ആന്റ് വൈറ്റ് മസ്‌കത്ത്, കണ്ണൂർ എസ്.ഡി.ടി മാസ്റ്റേഴ്‌സ്, മലപ്പുറം വെറ്ററൻസ്, ലക്ഷദ്വീപ് മാസ്റ്റേഴ്‌സ് എന്നിവയാണ് ടീമുകൾ. സൗഹൃദ ആഘോഷം എന്ന് പേരിട്ടിരിക്കുന്ന ഈ ടൂർണമെന്റിലൂടെ ഇന്ത്യയൊട്ടാകെയുള്ള വെറ്ററൻസ് ഫുട്‌ബോൾ താരങ്ങളുടെ കൂട്ടായ്മയാണ് ഉദ്ദേശിക്കുന്നതെന്ന് മാസ്റ്റേഴ്‌സ് ഫുട്‌ബോൾ ഫെസ്റ്റ് വൈസ് ചെയർമാൻ എൻ.കെ അൻവർ മലയാളം ന്യൂസിനോട് പറഞ്ഞു.
വിവിധ ഫുട്‌ബോൾ മാമാങ്കങ്ങൾക്ക് വേദിയായ കോഴിക്കോടിന് ഇന്ത്യൻ മാസ്റ്റേഴ്‌സ് ഫുട്‌ബോൾ ടൂർണമെന്റ് ഒരു പുത്തൻ കാഴ്ചയും ആവേശവുമായി മാറുമെന്നാണ് സംഘാടകർ കരുതുന്നത്.

Latest News