പാലക്കാട്- കോടതിയിൽ നൽകിയ രഹസ്യമൊഴി പിൻവലിക്കണമെന്ന് ഷാജ് കിരൺ ആവശ്യപ്പെട്ടെന്നും ഭീഷണിപ്പെടുത്തിയെന്നും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഷാജ് കിരൺ മാനസികമായി തളർത്തിയെന്നും കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചുവെന്നും സ്വപ്ന ആരോപിച്ചു. പാലക്കാട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
പാലക്കാട്ട് എത്തിയ ഷാജ് കിരൺ ബുധനാഴ്ച ഉച്ച മുതൽ വൈകിട്ട് വരെ മാനസികമായി പീഡിപ്പിച്ചു. മുഖ്യമന്ത്രിയുടെ ശബ്ദമായ നികേഷ് കുമാറിനോട് സംസാരിക്കണം. നികേഷ് വന്നു കാണും, അയാൾക്ക് തന്റെ ഫോൺ നൽകണമെന്നും ഷാജ് കിരൺ ആവശ്യപ്പെട്ടു. ഒത്തുതീർപ്പിലെത്തിയാൽ കേസും യാത്രാവിലക്കും ഒഴിവാക്കാമെന്നും പറഞ്ഞു.
കഴിഞ്ഞ ദിവസം ഷാജ് കിരണുമായുള്ള സംഭാഷണത്തിനിടെ സരിത്തിനെ പൊക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. സരിത്തിനെ പിടിച്ചുകൊണ്ടുപോയത് വിജിലൻസ് ആണെന്ന് ആദ്യം അറിയിച്ചതും ഷാജ് കിരൺ ആണ്. ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയും മറ്റ് തെളിവുകളും ഉടൻ പുറത്തുവിടുമെന്നും സ്വപ്ന പറഞ്ഞു.
ഷാജ് കിരൺ അടുത്ത സുഹൃത്താണെന്നും താൻ വിളിച്ചിട്ടു തന്നെയാണ് ഷാജ് കിരൺ പാലക്കാട്ട് വന്നതെന്നും സ്വപ്ന പറഞ്ഞു. തന്നെ മാനസികമായി തളർത്തി കേസ് ഒത്തുതീർപ്പാക്കാനാണ് ഷാജ് ശ്രമിച്ചത്. ഒട്ടേറെ കേസുകൾ തലയിൽ വെച്ചുതരുമെന്നും അറസ്റ്റ് ഉണ്ടാകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. എല്ലാറ്റിന്റെയും വോയിസ് ക്ലിപ് കയ്യിലുണ്ട്. നാളെ പുറത്തുവിടും. – സ്വപ്ന പറഞ്ഞു.