ഏതായാലും പി.സി. ജോർജിനെ മുൻനിർത്തിയാണ് ബി.ജെ.പിയിലെ ഒരു വിഭാഗം ഈ കളി കളിക്കുന്നതെങ്കിൽ അവർക്കെന്തോ വലിയ ദുരന്തം സംഭവിക്കാനിരിക്കുകയാണെന്നേ പറയാനുള്ളൂ. പി.സി. ജോർജിനെ ഒപ്പം കൂട്ടിയവരെല്ലാം പിന്നീട് തിക്തഫലം അനുഭവിച്ചതായിട്ടാണ് ചരിത്രം. വി.എസ്. അച്യുതാനന്ദനും കെ.എം. മാണിയും ഉമ്മൻ ചാണ്ടിയുമെല്ലാം അതിൽപെടും. അടുത്ത ഊഴം ബി.ജെ.പിയുടേതാണ്, തർക്കമില്ല.
ഒരിടവേളക്കു ശേഷം സ്വർണക്കടത്ത് കേസ് കേരള രാഷ്ട്രീയത്തിൽ കൊടുങ്കാറ്റായി വീശുന്നു. കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം കൊച്ചിയിലെ കോടതിയിൽ 164 ാം വകുപ്പ് പ്രകാരം കുറ്റസമ്മത മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തൽ ശരിക്കും ഞെട്ടിക്കുന്നതാണ്. നയതന്ത്ര ചാനലുകൾ വഴി നടത്തിയ സ്വർണക്കടത്തും വിദേശത്തേക്കുള്ള കറൻസി കടത്തുമെല്ലാം മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഭാര്യയും മകളുമെല്ലാം അറിഞ്ഞുകൊണ്ടും അവരുടെ താൽപര്യപ്രകാരവും നടത്തിയതാണെന്നാണ് സ്വപ്നയുടെ പ്രധാന വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും മാത്രമല്ല, നേരത്തെ തന്നെ കേസിൽ പ്രതിയായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരൻ, സംശയ നിഴലിലുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ, മുൻമന്ത്രി കെ.ടി. ജലീൽ എന്നിവർക്കു പുറമെ മുൻ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോക്കും സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ.
മറ്റൊന്നു കൂടി സ്വപ്ന പറയുന്നു- തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലെ മുൻ കോൺസൽ ജനറലിന്റെ ജവാഹർ നഗറിലെ തന്റെ വസതിയിൽനിന്ന് ബിരിയാണി നിറച്ച ചെമ്പുകൾ ഇടക്കിടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് കൊടുത്തുവിടുമായിരുന്നത്രേ. ചെമ്പിനുള്ളിൽ ബിരിയാണി മാത്രമല്ല, ഭാരമുള്ള ലോഹങ്ങളും ഉണ്ടായിരുന്നുവെന്നാണ് സ്വപ്ന പറയുന്നത്. ലോഹമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സ്വർണം തന്നെയാണെന്ന് വ്യക്തം.
കുടം തുറന്നുവിട്ട ഭൂതമെന്നൊക്കെ പറയുന്നതുപോലെ ചെമ്പു തുറന്ന് ഒരു ഭൂതത്തെ പുറത്തുവിട്ടിരിക്കുകയാണ് സ്വപ്ന. അതീവ ഗൗരവമുള്ളതാണ് ഈ ആരോപണങ്ങൾ എന്നത് ശരി തന്നെ, പക്ഷേ സ്വപ്ന പറയുന്നത് തീർത്തും നിഷ്കളങ്കമാണെന്ന് വിശ്വസിക്കാൻ പ്രയാസം. താൻ മുമ്പ് കസ്റ്റഡിയിലായിരുന്നപ്പോൾ കസ്റ്റംസിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ഈ പറഞ്ഞ കാര്യങ്ങളെല്ലാം വ്യക്തമാക്കി മൊഴി നൽകിയിരുന്നതായും അതിൻമേൽ കേന്ദ്ര ഏജൻസികൾ വേണ്ടവിധം അന്വേഷണം നടത്താത്തതുകൊണ്ടാണ് കോടതിയിൽ 164 ാം വകുപ്പ് പ്രകാരം മൊഴി നൽകിയ ശേഷം ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തുന്നതെന്നാണ് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞത്. കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.
സ്വപ്നയുടെ പെട്ടെന്നുള്ള രംഗപ്രവേശവും ആരോപണങ്ങളുടെ ഗുരുതര സ്വഭാവവുമെല്ലാം കണക്കിലെടുക്കുമ്പോൾ ഇതിന് പിന്നിൽ അവർ ഒറ്റക്കല്ലെന്ന് വ്യക്തം. ആരോ ധൈര്യവും സംരക്ഷണവും വാഗ്ദാനം ചെയ്ത് സ്വപ്നക്ക് പിന്നിലുണ്ട്. അത് ബി.ജെ.പിയും കേന്ദ്ര സർക്കാരുമാണെന്ന വിവരമാണ് പുറത്തു വരുന്നത്. സ്വപ്ന കോടതിയിൽ വന്നപ്പോൾ സംഘപരിവാറുകാരനായ അഭിഭാഷകന്റെ സാന്നിധ്യവും നേരത്തെ ജാമ്യത്തിലിറങ്ങിയ സ്വപ്നക്ക് സംഘപരിവാർ അനുകൂല എൻ.ജി.ഒയിൽ ജോലി നൽകിയതുമെല്ലാം സംശയത്തിനിട നൽകുന്നതാണ്. മാത്രമല്ല, സ്വപ്ന ഇത്തരമൊരു വെളിപ്പെടുത്തൽ നടത്താനിടയുണ്ടെന്ന വിവരമറിഞ്ഞയുടൻ ബി.ജെ.പി കേരള പ്രസിഡന്റ് കെ. സുരേന്ദ്രനെതിരായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ സംസ്ഥാന പോലീസ് നടപടി കടുപ്പിച്ചിരുന്നു.
എന്നുവെച്ച് സ്വപ്ന പറയുന്നതെല്ലാം കളവെന്ന് വിശ്വസിക്കാനും കഴിയില്ല. കുറേയെങ്കിലും സത്യമുണ്ടാവാനാണ് സാധ്യത. അതിന് പ്രധാന കാരണം കസ്റ്റംസിന് മുമ്പ് അവർ കൊടുത്ത മൊഴി തന്നെയാണ്. ഇത്തരമൊരു മൊഴി സ്വപ്ന നൽകിയതായി കസ്റ്റംസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുമുണ്ട്. മാത്രമല്ല തനിക്കു കൂടി ഭാവിയിൽ കുരുക്കാവാനിടയുള്ള കുറ്റസമ്മത മൊഴിയാണ് കോടതിയിൽ സ്വപ്ന നൽകിയിരിക്കുന്നതും. എങ്കിലും മുഖ്യമന്ത്രി ദുബായിൽ പോയപ്പോൾ ഒരു പെട്ടി എടുക്കാൻ മറന്നുപോയെന്നും അത് അടിയന്തരമായി കോൺസുലേറ്റിന്റെ നയതന്ത്ര ചാനൽ വഴി ദുബായിൽ എത്തിക്കാൻ ശിവശങ്കരൻ അന്ന് കോൺസുലേറ്റിൽ സെക്രട്ടറിയായിരുന്ന തന്നെ വിളിച്ച് ആവശ്യപ്പെട്ടുവെന്നും അതനുസരിച്ച് കൊണ്ടുവന്ന പെട്ടി സ്കാൻ ചെയ്തപ്പോൾ അതിനുള്ളിൽ നിറയെ കറൻസികളാണെന്ന് മനസ്സിലായെന്നും ആ പെട്ടി കോൺസൽ ജനറലിന്റെ നിർദേശ പ്രകാരം കോൺസുലേറ്റിലെ തന്നെ ഒരു ഉദ്യാഗോസ്ഥൻ ദുബായിൽ എത്തിച്ചുനൽകിയെന്നുമൊക്കെയുള്ള ആരോപണം തൊണ്ട തൊടാതെ വിഴുങ്ങാൻ ഇത്തിരി പ്രയാസമുണ്ട്.
അതു മാത്രല്ല, ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോഴും പിന്നീട് ശിവശങ്കരൻ
പ്രസിദ്ധീകരിച്ച വിവാദ പുസ്തകത്തെ കുറിച്ച് പ്രതികരിച്ചപ്പോഴുമൊന്നും മുഖ്യമന്ത്രിക്കെതിരെ ഒരക്ഷരം പറയാതിരുന്ന സ്വപ്ന ഇപ്പോൾ പൊടുന്നനെ പിണറായി വിജയനും ഭാര്യക്കും മകൾക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നതും സംശയത്തിനിട നൽകുന്നതാണ്. നയതന്ത്ര സ്വർണക്കടത്തുമായോ ഡോളർ കടത്തുമായോ മുഖ്യമന്ത്രിക്ക് ഒരു ബന്ധവുമില്ലെന്നാണ് അന്ന് സ്വപ്ന പറഞ്ഞിരുന്നത്. അപ്പോൾ ഇത്രകാലം സത്യം മറച്ചുവെക്കുകായിയരുന്നോ? വിലപേശൽ, അല്ലെങ്കിൽ മറ്റാരുടെയോ പ്രേരണ... അതാണ് സ്വപ്നയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തലുകൾക്ക് പിന്നിലെ യാഥാർഥ്യം.
ഏതായാലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വമ്പൻ തോൽവിയുടെ ഞെട്ടലിൽനിന്ന് മുക്തരാവാത്ത മുഖ്യമന്ത്രിക്കും സി.പി.എമ്മിനും മേൽ പതിച്ച വെള്ളിടിയാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. കേസിലെ പ്രതിയുടെ വെളിപ്പെടുത്തൽ മാത്രമാണിതെന്നും പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നുമൊക്കെയുള്ള അവരുടെ പ്രതിരോധം വലിയ തമാശ മാത്രമാണ്. മുമ്പ് സോളാർ തട്ടിപ്പു കേസിലെ പ്രതി സരിത നായർ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഒറ്റനോട്ടത്തിൽ തന്നെ നുണയെന്ന് ബോധ്യം വരുന്ന ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ അത് ഉയർത്തിക്കാട്ടി സംസ്ഥാനത്ത് അങ്ങോളമിങ്ങോളം സമര കോലാഹലങ്ങൾ നടത്തിയവരാണവർ. പിന്നീട് അധികാരം കിട്ടിയപ്പോഴാവട്ടെ, സരിതയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കേരള പോലീസ് കേസെടുത്ത് അന്വേഷിച്ചെങ്കിലും ഒരു തെളിവും കണ്ടെത്താനായില്ല. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം കേസ് സി.ബി.ഐ അന്വേഷിച്ചുവരികയാണിപ്പോൾ. പിണറായിക്കെതിരെ സ്വപ്നയുടെ വെളിപ്പെടുത്തൽ കേട്ട് ഉമ്മൻ ചാണ്ടി ഊറിച്ചിരിക്കുന്നുണ്ടാവും.
സ്വപ്നയുടെ വെളിപ്പെടുത്തലുകളെല്ലാം മുമ്പ് കസ്റ്റംസും ഇ.ഡിയും അന്വേഷിച്ച് തെളിവില്ലെന്ന് കണ്ട് തള്ളിയതാണെന്നും കോടതി ആ കേസുകൾ ചവറ്റുകൊട്ടയിൽ എറിഞ്ഞുവെന്നുമൊക്കെയുള്ള സി.പി.എം നേതാക്കളുടെ ന്യായീകരണം, നേരത്തെ തന്നെ ഉയർന്നുവന്ന സംശയങ്ങളെ ബലപ്പെടുത്തുന്നതാണ്, സി.പി.എമ്മും ബി.ജെ.പിയും ഒത്തുകളിച്ച് സ്വർണക്കടത്ത് കേസ് അന്വേഷണം അട്ടിമറിച്ചുവെന്ന സംശയം. മുഖ്യമന്ത്രിക്കെതിരെ നീണ്ടുവന്ന സ്വർണക്കടത്തു കേസും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് പ്രതിയായ മയക്കുമരുന്ന്, ഹവാല കേസ് അന്വേഷണം കേന്ദ്ര ഏജൻസികളും കെ. സുരേന്ദ്രൻ പ്രതിയായ തെരഞ്ഞെടുപ്പ് കോഴ കേസ് അന്വേഷണം കേരള പോലീസും പരസ്പര ധാരണ പ്രകാരം മരവിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിരന്തരം ആരോപിക്കുന്നതാണ്. വി. മുരളീധരനും ഒരു ഇടനിലക്കാരനുമാണ് അട്ടിമറിക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. രണ്ടു കേസുകളുടെയും അന്വേഷണം ഒരു സുപ്രഭാതത്തിൽ സ്വിച്ചിട്ട പോലെ നിലയ്ക്കുകയായിരുന്നു എന്നതും യാഥാർഥ്യം.
അങ്ങനെയെങ്കിൽ സ്വപ്നയെക്കൊണ്ട് മുഖ്യമന്ത്രിക്കെതിരെ വെടിപൊട്ടിക്കാൻ ബി.ജെ.പി തയാറാവുമോ എന്നൊരു ചോദ്യമുയരും. സംസ്ഥാന ബി.ജെ.പിയിലെ കലഹത്തെക്കുറിച്ച് അറിയുന്നവർ അതും അതിലപ്പുറവും സംഭവിക്കുമെന്നേ പറയൂ. ഇന്ന് കേരളത്തിൽ ഏറ്റവുമധികം ഗ്രൂപ്പിസവും കുതികാൽവെട്ടും ഒറ്റുകൊടുക്കലും നിലനിൽക്കുന്ന പാർട്ടിയാണ് ബി.ജെ.പി. കെ. സുരേന്ദ്രനെയും കേന്ദ്ര മന്ത്രി വി. മുരളീധരനെയും കണ്ണിനുനേരെ കണ്ടുകൂടാത്ത വലിയൊരു വിഭാഗം ബി.ജെ.പി നേതാക്കളുണ്ട് സംസ്ഥാനത്ത്. ഈ രണ്ടു പേരെയും പുകച്ച് പുറത്തു ചാടിക്കാൻ മറുചേരി പൊട്ടിച്ച ബോംബായിരിക്കുമോ സ്വപ്നയുടെ വെളിപ്പെടുത്തലുകൾ. ഒരു വെടിക്ക് രണ്ടു പക്ഷികളാണ്. പിണറായിയെയും തകർക്കാം, സുരേന്ദ്രനെയും മുരളീധരനെയും തെറിപ്പിക്കുകയും ചെയ്യാം.
സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ കേരള രാഷ്ട്രീയത്തിലെ നികൃഷ്ട ജീവിയായ പി.സി. ജോർജും സരിത നായരും തമ്മിലുള്ള ഫോൺ സംഭാഷണമെന്ന തരത്തിൽ മാധ്യമങ്ങൾ പുറത്തുവിട്ട ശബ്ദരേഖയും ഈ സംശയം ബലപ്പെടുത്തുന്നു. മുസ്ലിംകൾക്കെതിരെ നിരന്തരം വിദ്വേഷ പ്രസ്താവനകൾ നടത്തി സംഘപരിവാറിന്റെ പ്രിയതോഴനായി മാറിയിരിക്കുകയാണിപ്പോൾ പി.സി. ജോർജ്. ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് സ്വപ്നയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തലുകളെന്നാണ് ജോർജിന്റെ സംഭാഷണത്തിൽനിന്ന് വ്യക്തമാവുന്നത്.
ഏതായാലും പി.സി. ജോർജിനെ മുൻനിർത്തിയാണ് ബി.ജെ.പിയിലെ ഒരു വിഭാഗം ഈ കളി കളിക്കുന്നതെങ്കിൽ അവർക്കെന്തോ വലിയ ദുരന്തം സംഭവിക്കാനിരിക്കുകയാണെന്നേ പറയാനുള്ളൂ. പി.സി. ജോർജിനെ ഒപ്പം കൂട്ടിയവരെല്ലാം പിന്നീട് തിക്തഫലം അനുഭവിച്ചതായിട്ടാണ് ചരിത്രം. വി.എസ്. അച്യുതാനന്ദനും കെ.എം. മാണിയും ഉമ്മൻ ചാണ്ടിയുമെല്ലാം അതിൽപെടും. അടുത്ത ഊഴം ബി.ജെ.പിയുടേതാണ്, തർക്കമില്ല.