Sorry, you need to enable JavaScript to visit this website.

ആയിഷ സുല്‍ത്താനക്കെതിരായ കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി - രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ലക്ഷദ്വീപിലെ ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താനക്കെതിരെ കവരത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. രാജ്യദ്രോഹക്കേസുകളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കവരത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറും കേസിലെ തുടര്‍ നടപടികളുമാണ് സ്റ്റേ ചെയ്തത്.
സേവ് ലക്ഷദ്വീപ് സമരത്തിന്റെ ഭാഗമായി നടത്തിയ ടെലിവിഷന്‍ ചര്‍ച്ചയില്‍ 'ബയോവെപ്പണ്‍' പരാമര്‍ശം നടത്തിയതിനെതിരെ ലക്ഷദ്വീപ് ബി.ജെ.പി അധ്യക്ഷന്‍ സി. അബ്ദുള്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ആയിഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദ്വീപ് പോലീസ് കേസെടുത്തത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന് എതിരെ നടത്തിയ പരാമര്‍ശമത്തിലാണ്  ബയോവെപ്പണ്‍ പ്രയോഗം നടത്തിയെന്നാണ് ആരോപണം.  
ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപിനെ നശിപ്പിക്കാന്‍ അയച്ച ബയോ വെപ്പണ്‍' ആണെന്നായിരുന്നു  ഐഷ സുല്‍ത്താന പറഞ്ഞത്. എന്നാല്‍ പ്രസ്താവന പിന്‍വലിച്ച് പിന്നീട് ആയിഷ തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നു. ദ്വീപില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ നല്‍കിയ ഇളവുകള്‍മൂലം വലിയ രീതിയില്‍ രോഗവ്യാപനമുണ്ടായെന്നും ഇത് ചൂണ്ടിക്കാട്ടാനാണ് ബയോവെപ്പണ്‍ എന്ന പരാമര്‍ശം നടത്തിയതെന്നും അത് ബോധപൂര്‍വമായിരുന്നില്ലെന്നും ആയിഷയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിക്കുകയും ചെയ്തു. എന്നാല്‍ കേന്ദ്രസര്‍ക്കാരിനെതിരെ മോശം പരാമര്‍ശം നടത്തിയ ആയിഷ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്താനാണ് ഈ പ്രസ്താവന നടത്തിയതെന്നാണ് ലക്ഷദ്വീപ് ബി.ജെ.പി അധ്യക്ഷന്റെ പരാതി.

 

 

Latest News