പട്‌ന- വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവർ സമാധാനത്തോടെ ജീവിക്കുകയും സർക്കാർ ജാഗ്രത പുലർത്തുകയും ചെയ്യുന്ന ബിഹാറിൽ മതപരിവർത്തന നിരോധ നിയമത്തിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ.
മതപരിവർത്തനം നടത്തുന്നവരുടെ പ്രലോഭനങ്ങളെത്തുടർന്ന് ഹിന്ദുക്കൾ തങ്ങളുടെ വിശ്വാസം മാറ്റുന്നതായി ഇടയ്ക്കിടെ മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വരുന്ന പശ്ചാത്തലത്തിൽ ഇത്തരമൊരു നിയമത്തിന്റെ ആവശ്യകതയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ മറുപടി.
സർക്കാർ സംസ്ഥാനത്ത് എപ്പോഴും ജാഗ്രത പുലർത്തുന്നുണ്ട്. ഏത് മതവിഭാഗത്തിൽപ്പെട്ടവരായാലും ജനങ്ങൾ ഇവിടെ സമാധാനത്തോടെയാണ് ജീവിക്കുന്നത്. അതിനാൽ അത്തരമൊരു നീക്കം ഇവിടെ ആവശ്യമില്ല- മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെപ്പോലുള്ള ബി.ജെ.പിയിലെ തീവ്ര ചിന്താഗതിക്കാർ മതപരിവർത്തന വിരുദ്ധ നിയമത്തിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറയുമ്പോഴാണ് നിതീഷ് കുമാർ തന്റെ നിലപാട് വ്യക്തമാക്കിയത്.
ജാതി സെൻസസ് വിഷയത്തിൽ നിതീഷ് കുമാറും ബിജെപിയും തമ്മിലുള്ള ആശയപരമായ ഭിന്നതക്കു പിന്നാലെയാണ് മതപരിവർത്തന വിഷയത്തിലും മുഖ്യമന്ത്രിയുടെ പ്രകോപനം.
നിരവധി "റോഹിങ്ക്യകളും" "ബംഗ്ലാദേശികളും" ബിഹാറിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും അവരെ സെൻസസിൽ ഉൾപ്പെടുത്തി അവരുടെ താമസം നിയമവിധേയമാക്കാതിരിക്കരുതെന്ന് മന്ത്രിസഭയിലെ ചില മന്ത്രിമാർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ആവശ്യപ്പെടുന്നു.
രാഷ്ട്രീയ സഹകരണം ഉണ്ടായിരുന്നിട്ടും അയോധ്യ, ആർട്ടിക്കിൾ 370, യൂണിഫോം സിവിൽ കോഡ്, മുത്തലാഖ്, എൻആർസി, ജനസംഖ്യാ നിയന്ത്രണത്തിനുള്ള നിയമനിർമ്മാണ നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ നിതീഷ് കുമാർ ബി.ജെ.പി നിലപാടിനെ എതിർത്തിരുന്നു.