കോട്ടയം - നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌ന സുരേഷിന്റെ കത്ത് പിസി ജോര്‍ജ് ഇന്ന് പുറത്തുവിട്ടിരുന്നു. കത്തിന്റെ പൂര്‍ണരൂപം.
ഞാന്‍ സ്വപ്ന സുരേഷ്, വയസ് 39. ജനിച്ചതും വളര്‍ന്നതും യു.എ.ഇയില്‍. സ്‌കൂള്‍ വിദ്യാഭ്യാസമടക്കം 32 വര്‍ഷത്തോളം കഴിഞ്ഞത് മിഡില്‍ ഈസ്റ്റിലാണ്. രണ്ട് തവണ വിവാഹിതയായ എനിക്ക് രണ്ട് വിവാഹങ്ങളിലായി രണ്ട് കുട്ടികളും ഉണ്ട്. രണ്ട് ഭര്‍ത്താക്കന്‍മാരും എനിക്കുള്ളതെല്ലാം എടുത്ത് കയ്യൊഴിഞ്ഞു. ഞാനും കുട്ടികളും അക്ഷരാര്‍ഥത്തില്‍ ദാരിദ്ര്യത്തിലായിരുന്നു.
ജീവിക്കാന്‍ വേണ്ടി വിവിധ സ്ഥലങ്ങളില്‍ ഞാന്‍ ജോലി ചെയ്തു. താന്‍ ഏറെ സ്‌നേഹിച്ചിരുന്നു പിതാവിന് ഗുരുതരമായ പക്ഷാഘാതവും കരളിന് അര്‍ബുദവും ബാധിച്ചു. അച്ഛനെ സംരക്ഷിക്കേണ്ട ചുമതല എനിക്കായിരുന്നു. പിന്നീട് ഞാന്‍ യുഎഇ കോണ്‍സുലേറ്റില്‍ കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറിയായി ജോലിയില്‍ പ്രവേശിച്ചു. കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി അനുസരിച്ച് അദ്ദേഹത്തെ സഹായിക്കുകയും നയതന്ത്രജ്ഞരുമായുള്ള ആശയവിനിമയത്തിനുള്ള മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുകയും മാത്രമായിരുന്നു എന്റെ ഉത്തരവാദിത്തം.
അങ്ങനെയിരിക്കെ 2016 ഡിസംബറില്‍ ബഹു.മുഖ്യമന്ത്രിക്ക് വേണ്ടി ശിവശങ്കര്‍ സര്‍ എന്നെ വിളിച്ചിരുന്നു. മുഖ്യമന്ത്രി ദുബായിലേക്ക് വന്നപ്പോള്‍ ഒരു പെട്ടി മറന്നുവെന്നും അത് അടിയന്തരമായി ദുബായില്‍ എത്തിക്കണമെന്നും ശിവശങ്കര്‍ ആവശ്യപ്പെട്ടു. അഹമ്മദ് അല്‍ ദൗഖിയെന്ന യുഎഇ പൗരനായ നയതന്ത്ര ഉദ്യോഗസ്ഥനെ കോണ്‍സല്‍ ജനറല്‍ ഈ ചുമതല ഏല്‍പിച്ചു. ഞാന്‍ ഈ പാഴ്‌സല്‍ കണ്ടിട്ടില്ല. അതിനുള്ളില്‍ എന്താണെന്ന് എനിക്ക് അറിയില്ല. ഇതുസംബന്ധിച്ച എല്ലാ നിര്‍ദേശങ്ങളും അന്നത്തെ പിആര്‍ഒ ആയ സരിത്തിന് ആണ് കോണ്‍സല്‍ ജനറല്‍ നല്‍കിയത്. പാഴ്‌സലിനുള്ളില്‍ കറന്‍സി ആണെന്ന് സ്‌കാന്‍ ചെയ്തപ്പോള്‍ സരിത്തിന് മനസിലായി. ഇതുമായോ, സ്വര്‍ണക്കടത്തുമായോ എനിക്ക് ഒരു തരത്തിലുമുള്ള ബന്ധവുമില്ല. ഡിപ്ലോമാറ്റുകള്‍ സ്വര്‍ണ കള്ളക്കടത്ത് നടത്തിയിരുന്നു. ഇത് സുഗമമായി നടത്തിയിരുന്നത് ശിവശങ്കര്‍ സാര്‍ ഒരുക്കി നല്‍കിയ എക്‌സ് കാറ്റഗറി സുരക്ഷ ഉപയോഗപ്പെടുത്തിയാണ്.
അന്നത്തെ പിആര്‍ഒ ആയിരുന്ന സരിത് പറയുന്നത് പ്രകാരം, കോണ്‍സല്‍ ജനറലിന്റെ പേരിലാണ് കണ്‍സൈന്‍മെന്റുകള്‍ വന്നുകൊണ്ടിരുന്നത്. ഒടുവില്‍ കസ്റ്റംസ് പിടിച്ചെടുത്ത ബാഗേജ് വന്നത് യുഎഇ പൗരനായ റാഷിദ് ഖാസിമിയുടെ പേരിലായിരുന്നു. നയതന്ത്ര ബാഗേജ് കസ്റ്റംസ് തുറക്കുകയും തടഞ്ഞുവയ്ക്കുകയും സ്വകാര്യ വസ്തുക്കള്‍ റാഷിദിന് നല്‍കിയ ശേഷം മറ്റുള്ളവ സരിത്തിന്റെ തലയില്‍ കെട്ടിവയ്ക്കുകയായിരുന്നു. ഈ സംഭവങ്ങളെക്കുറിച്ച് എനിക്ക് അറിവുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് എന്റെ പേര് പറയാന്‍ സരിത്തിനെ നിര്‍ബന്ധിച്ചു. തുടന്ന് ശിവശങ്കറിന്റെ ക്ഷണപ്രകാരം എത്തിയ എന്‍ഐഎ എന്നെ അറസ്റ്റ് ചെയ്തു. പിന്നീട് ഒരു തീവ്രവാദിയായി മുദ്രകുത്തി, യുഎപിഎ ചുമത്തി 16 മാസം എന്നെ ജയിലിലിട്ടു. 2020 ജൂലൈ 9 മുതല്‍ 2021 നവംബര്‍ 13 വരെ ഞാന്‍ ജയിലില്‍ കിടന്നു . എന്നാല്‍ എന്‍ഐഎയ്ക്ക് ഇതുവരെയ്ക്കും ഒരു തെളിവും ലഭിച്ചില്ല. സരിത്തിന്റെ മൊഴികള്‍ പകര്‍ത്തി, അവര്‍ക്ക് മുന്നില്‍ എന്റെ കുറ്റസമ്മതമായും മൊഴിയായും അവര്‍ രേഖപ്പെടുത്തി.
ഒരിക്കല്‍ ശിവശങ്കര്‍ സാറുമായി ഒരു തര്‍ക്കം തന്നെ നടന്നു. അന്ന് സ്വന്തം മൊബൈല്‍ ഫോണുമായി ശിവശങ്കര്‍ സാറിനെ ചോദ്യം ചെയ്യല്‍ മുറിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയും എസ്പി രാഹുലുമായും മറ്റ് ഉദ്യോഗസ്ഥരുമായും അനൗപചാരികമായി സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അവരുടെ വ്യക്തി താത്പര്യങ്ങള്‍ക്കായി തന്നെ കുടുക്കാനും എന്‍ഐഎയെ കൊണ്ടുവരാനും ഉള്ള നീക്കമാണെന്ന് അതോടെയാണ് ഞാന്‍ തിരിച്ചറിഞ്ഞത്. കേസിലെ മറ്റ് പ്രതികളുടെ മൊഴികളില്‍ നിന്നുള്ള വിവരങ്ങളെടുത്ത് എന്റെ മൊഴിയെന്ന രീതിയില്‍ അവര്‍ ടൈപ്പ് ചെയ്തു. ഒടുവില്‍, ഒരു സ്ഥിരം കുറ്റവാളിയായ സന്ദീപ് നായരെ എന്‍ഐഎ കേസില്‍ മാപ്പുസാക്ഷിയാക്കി.
ഞാന്‍ ജയിലില്‍ വച്ച് മാനസികമായി പീഡിപ്പിക്കപ്പെട്ടു. മുഖ്യമന്ത്രിയുടേയോ മറ്റ് ഉദ്യോഗസ്ഥരുടേയോ പേര് എവിടേയും പരാമര്‍ശിക്കരുത് എന്ന് ഡിഐജി അജയകുമാര്‍ എന്നോട് ആവശ്യപ്പെട്ടു. മറ്റുള്ളവരെ കുറ്റവിമുക്തരാക്കി എഴുത്ത് എഴുതി പുറത്തുവിടണമെന്ന ഡിഐജി അജയകുമാറിന്റെ നിര്‍ദേശം അനുസരിക്കാത്തതിലെ പക മൂലം ജയിലില്‍ മറ്റ് ഉദ്യോഗസ്ഥരെകൊണ്ട് മാനസികമായി എന്നെ പീഡിപ്പിച്ചു. മോശം വാക്കുകള്‍ ഉപയോഗിച്ച് സംസാരിച്ചു. അജയ് കുമാറിന്റെ മാനസിക പീഡനം മൂലം എനിക്ക് ജയിലില്‍ വച്ച് പലതവണ ഗുരുതരമായി അപസ്മാരം ഉണ്ടായി. ജയിലില്‍ ആശയവിനിമയത്തിനുള്ള അവകാശം നിഷേധിച്ചു. എനിക്ക് മാനസിക സ്ഥിരതയില്ലെന്ന് വരുത്തിതീര്‍ക്കാനായി ഒരു മാനസികാരോഗ്യ വിദഗ്ധന്റെ അടുത്ത് കൊണ്ടുപോകാന്‍ മറ്റ് ഉദ്യോഗസ്ഥരെ ഡിഐജി നിര്‍ബന്ധിച്ചു. അദ്ദേഹത്തെ അനുസരിക്കാത്തത് മൂലം മാത്രമാണ് എന്നോട് ഇത്തരത്തില്‍ പെരുമാറിയത്. ഇഡിയുമായോ കസ്റ്റംസുമായോ തുടരന്വേഷണത്തില്‍ സഹകരിച്ചാല്‍ എന്റെ ജീവിതം നശിപ്പിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ഡിഐജി ഭീഷണിപ്പെടുത്തി. ഡിഐജി അജയകുമാറിനെ എനിക്ക് ഭയമാണ്. പുറത്തുവന്നതെല്ലാം എന്നെ ജയിലിലാക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കഥകളാണ്.
കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറി എന്ന നിലയില്‍ എന്റെ ജോലിയാണ് ഞാന്‍ ചെയ്തത്. ഞാന്‍ നിഷ്‌കളങ്കയാണ്. എന്നാല്‍ ഇപ്പോള്‍ എച്ച്ആര്‍ഡിഎസിലെ എന്റെ ജോലി കൂടി നശിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇതിന് പിറകിലുള്ളവര്‍ എന്നെ കൊലപ്പെടുത്തുമെന്ന് ഞാന്‍ ഭയപ്പെടുന്നു. ജയശങ്കറും ശിവശങ്കറും സരിത്തിന്റെ കുടുംബവും സന്ദീപിന് ഒപ്പം ചേര്‍ന്ന് എന്റെ കുടുംബം നശിപ്പിക്കാന്‍ ശ്രമിക്കുന്നു. എന്റെ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ എനിക്ക് സഹായവും പിന്തുണയും വേണം.
സന്ദീപ് നായര്‍ ഒരു സ്ഥിരം കുറ്റവാളിയാണ്. അയാള്‍ക്കെതിരെ ക്രിമിനല്‍ കേസുകളും കസ്റ്റംസ് കേസുകളും ഉണ്ട്. പക്ഷേ എന്‍ഐഎ കേസില്‍ അയാള്‍ ഇപ്പോള്‍ മാപ്പുസാക്ഷിയാണ്. സന്ദീപ് നായരെ പൂര്‍ണമായും സംരക്ഷിക്കുന്ന് ശിവശങ്കറാണ്. എന്നെ തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് മാറ്റുന്നതിന് സന്ദീപിന് എല്ലാ നിര്‍ദേശങ്ങളും നല്‍കിയത് ശിവശങ്കര്‍ ആയിരുന്നു. ശിവശങ്കറും സന്ദീപ് നായരും ജയശങ്കറും (ഭര്‍ത്താവ്) ഒരുമിച്ച് ചേര്‍ന്ന് സ്വപ്ന സുരേഷിനെ ആക്രമിക്കുകയാണ്.എന്‍ഐഎയ്ക്ക് ഇതുവരെ ഒരു തെളിവും സമാഹരിക്കാനായില്ല. എന്നിട്ടും അവര്‍ നിശബ്ദരായിരിക്കുകയാണ്. അതിനൊപ്പം ശിവശങ്കറിന്റെെയും സംസ്ഥാന സര്‍ക്കാരിന്റെയും സഹായത്തോടെ, ഒരു കുറ്റവാളിയായ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി. ഈ കേസില്‍ ഉള്‍പ്പെട്ട പ്രമുഖരുടെ മുഖം രക്ഷിക്കാനാണ് എന്‍ഐഎയെ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്തത്. അല്ലെങ്കില്‍ എന്തുകൊണ്ടാണ് ശിവശങ്കര്‍ എന്‍ഐഎ കേസില്‍ പ്രതിയാകാത്തതും ഇ.ഡി, കസ്റ്റംസ് കേസുകളില്‍ പ്രതിയായതും. ഈ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടെന്ന് വ്യക്തമാണ്. എങ്ങനെയാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും അറിയാതെ രാജ്യത്തേക്ക് ഇത്രയധികം സ്വര്‍ണം എത്തുന്നത്.
തന്റെ അധികാരവും മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉപയോഗിച്ചാണ് ശിവശങ്കര്‍, കോണ്‍സല്‍ ജനറലിന് വിദേശകാര്യമന്ത്രാലയത്തിന്റെ അനുവാദമില്ലാതെ എക്‌സ് കാറ്റഗറി സുരക്ഷ നല്‍കിയത്. ഇന്ത്യയില്‍ നിയമവിരുദ്ധമായ വസ്തുക്കളെയും സ്ത്രീകളെയും യാത്രകളില്‍ കൂടെക്കൂട്ടാന്‍ കോണ്‍സല്‍ ജനറലിന് കഴിഞ്ഞത് ഇതുവഴിയാണ്.
കോണ്‍സല്‍ ജനറല്‍ പദവി ഒരു കലക്ടര്‍ക്ക് തുല്യമോ അതില്‍ താഴെയോ മാത്രമാണ്. പക്ഷേ ശിവശങ്കര്‍ ഇടപെട്ട് എല്ലാ സുരക്ഷാസംവിധാനങ്ങളും ഗ്രീന്‍ ചാനല്‍ സംവിധാനവും ഒരുക്കിനല്‍കി. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് കോണ്‍സല്‍ ജനറലിന് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. നിയവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും പ്രതിസന്ധി ഉണ്ടായപ്പോഴെല്ലാം ഇടപെട്ടത് ശിവശങ്കറാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് യുഎഇയിലെ അടിത്തറ ശക്തമാക്കാനായിരുന്നു ഇത്.