കൊല്‍ക്കത്ത- പശ്ചിമബംഗാളില്‍ നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് നീതിപൂര്‍വകവും സമാധാനപരവുമാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയും കോണ്‍ഗ്രസും കോടതികളെ സമീപിച്ചു. കോണ്‍ഗ്രസ് കൊല്‍ക്കത്ത ഹൈക്കോടതിയിലും ബി.ജെ.പി സുപ്രീം കോടതിയിലുമാണ് ഹരജി സമര്‍പ്പിച്ചത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താന്‍ ഇടപെടണമെന്നാണ് വെസ്റ്റ് ബംഗാള്‍ കോണ്‍ഗ്രസ് കമ്മിറ്റി കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര സേനയെ വിന്യസിക്കണമെന്നും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വിവിധ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യം ഉന്നയിച്ചു.
സംസ്ഥാനത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സി.ആര്‍.പി.എഫിനെ വിന്യസിക്കണമെന്നാണ് ബി.ജെ.പി പശ്ചിമബംഗാള്‍ സെക്രട്ടറി സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.