ന്യൂദല്‍ഹി- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ അന്തിമ വിജ്ഞാപനം ഉടനില്ലെന്ന് കേന്ദ്രം വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. കരട് വിജ്ഞാപനത്തിന്റെ കാലാവധി ആറു മാസം കൂടി നീട്ടും. കേരളത്തില്‍നിന്ന് കടുത്ത എതിര്‍പ്പ് കണക്കിലെടുത്താണ് അന്തിമ വിജ്ഞാപനം നീട്ടി വെക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പരാതികള്‍ പഠിക്കാന്‍ മുന്‍ വനം മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാര്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ വിശദമായ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മാത്രമേ അന്തിമ വിജ്ഞാപനം ഉണ്ടാകുകയുള്ളൂ എന്നും ഭൂപേന്ദര്‍ യാദവ് വ്യക്തമാക്കി. സമിതിക്കു മുന്നില്‍ സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങളൊന്നും തന്നെ ഇതുവരെ കാര്യമായി എത്തിയിട്ടുമില്ല.
കസ്തൂരി രംഗന്‍ കരട് വിജ്ഞാപനത്തിന്റെ കാലാവധി ഇനിയും നീട്ടുമെന്ന് ഡീന്‍ കുര്യാക്കോസ് എം.പിയുമായി നടത്തിയ കൂടിക്കാഴ്ചയിലും മന്ത്രി വ്യക്തമാക്കിയിരുന്നു. പരാതികള്‍ പരിഹരിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ പരിശോധനകള്‍ തുടരുന്നതേയുള്ളൂ. അതിനാല്‍ പശ്ചിമഘട്ട മേഖലയില്‍ പരിസ്ഥിതി ലോല മേഖലകള്‍ (ഇ.എസ്.എ വില്ലേജുകള്‍) നിര്‍ണയിച്ചു കൊണ്ടുള്ള അന്തിമ വിജ്ഞാപനം വൈകുമെന്നാണ് മന്ത്രി എം.പിയെ അറിയിച്ചത്. കസ്തൂരി രംഗന്‍ കരട് വിജ്ഞാപനത്തിന്റെ കാലാവധി ജൂണ്‍ 30ന് അവസാനിക്കുകയാണ്. വനം-പരിസ്ഥിതി മന്ത്രി നേരിട്ടു തന്നെ അന്തിമ വിജ്ഞാപനം വൈകും എന്നു നേരിട്ടു വ്യക്തമാക്കിയതോടെ കരട് വിജ്ഞാപനത്തിന്റെ കാലാവധി വീണ്ടും നീട്ടുമെന്ന് ഉറപ്പായി.