കൊച്ചി- നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള ഹൈക്കോടതി വിലക്ക് തുടരും. കേസില്‍ വിജയ് ബാബു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.
അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഗ്രേഷ്യസ് കുര്യാക്കോസ് ക്വാറന്റൈനില്‍ ആയതിനാല്‍ സര്‍ക്കാര്‍ വാദത്തിന് സമയം നീട്ടിചോദിക്കുകയായിരുന്നു. കേസില്‍ വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി നേരത്തെ താത്കാലികമായി തടഞ്ഞിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ രാജ്യംവിട്ട വിജയ്ബാബു ആഴ്ചകള്‍ക്ക് ശേഷമാണ് തിരിച്ചെത്തിയത്. തുടര്‍ന്ന് രണ്ടു ദിവസമായി മണിക്കൂറുകളോളം വിജയ് ബാബുവിനെ പോലീസ് ചോദ്യം ചെയ്തു. ഉഭയകക്ഷി സമ്മതപ്രകാരമാണ് നടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും സിനിമയില്‍ അവസരം നല്‍കാത്തതാണ് പരാതിക്ക് കാരണമെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് വിജയ് ബാബുവിന്റെ വാദം.