ഷാംലി- ഉത്തര്‍പ്രദേശില്‍ പോത്തിന്റെ ഡി.എന്‍.എ പരിശോധന നടത്താന്‍ ഒരുങ്ങി പോലീസ്. യു.പിയിലെ ഷാംലി ഗ്രാമത്തിലാണ് സംഭവം. സമീപ ഗ്രാമത്തില്‍നിന്ന് മോഷ്ടിച്ചതായി പറയപ്പെടുന്ന പോത്തിന്റെ ഉടമയാണ് ഡിഎന്‍എ ടെസ്റ്റ് നടത്തി സത്യാവസ്ഥ വെളിച്ചത്തു കൊണ്ടുവരണമെന്ന് ഷാംലി പോലീസിനോട് ആവശ്യപ്പെട്ടത്.
2020 ഓഗസ്റ്റ് 25 ന് തന്റെ പശുത്തൊഴുത്തില്‍നിന്ന് മൂന്ന് വയസ്സുള്ള പോത്തിനെ മോഷ്ടിച്ചതായി ചന്ദ്രപാല്‍ കശ്യപ് എന്ന തൊഴിലാളിയാണ് പരാതിപ്പെട്ടിരുന്നത്.
സഹാറന്‍പൂരിലെ ബീന്‍പൂര്‍ ഗ്രാമത്തില്‍ 2020 നവംബറില്‍ ഇതിനെ കണ്ടെത്തിയെങ്കിലും പുതിയ ഉടമ സത്ബീര്‍ സിംഗ് പോത്ത് തന്റേതാണെന്ന് അവകാശപ്പെട്ട് വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചു.
കോവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് പരാതിയും കേസും കെട്ടടങ്ങിയതായിരുന്നു. മോഷണം പോയെന്ന് പറയുന്ന പോത്തിന്റെ അമ്മയായ എരുമ ഇപ്പോഴും കശ്യപിനൊപ്പമുള്ളതിനാലാണ് യഥാര്‍ത്ഥ ഉടമയെ കണ്ടെത്തുന്നതിന്
ഡി.എന്‍.എ പരിശോധന നടത്താന്‍ ഷാംലി എസ്.പി സുകൃതി മാധവ് ഉത്തരവിട്ടത്.
യഥാര്‍ത്ഥ ഉടമയെ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പോത്തിന്റെ അമ്മ തന്റെ പക്കാല്‍ കശ്യപ് അവകാശപ്പെട്ടതിനാലാണ് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനുഷ്യരെപ്പോലെ മൃഗങ്ങള്‍ക്കും സവിശേഷതകളുണ്ടെന്നും അതാണ് പോത്ത് തന്റേത് തന്നെയാണെന്ന് തിരിച്ചറിയാന്‍ സഹായകമയതെന്നും കശ്യപ് പറയുന്നു. പോത്തിന്റെ ഇടതുകാലില്‍ ഒരു പാടും വാല്‍ അറ്റത്ത് ഒരു വെളുത്ത പൊട്ടുമുണ്ട്. ഞാന്‍ അടുത്ത് ചെന്നപ്പോള്‍ പോത്ത് എന്നെ തിരിച്ചറിയുകയും ചെയ്തു. ഇതിലപ്പുറം എന്തുവേണം- കശ്യപ് ചോദിച്ചു.