യാംബു- കുരുന്നുകളിൽ കൗതുകവും ആവേശവും പകർന്ന് മലർവാടി യാംബു, മദീന ഘടകങ്ങൾ ഒരുക്കിയ 'എസ് പാലിയർ-2022' ഫാമിലി ഫെസ്റ്റ് ശ്രദ്ധേയമായി. വിജ്ഞാനം പകരുന്നതും ഉല്ലാസപ്രദവുമായ വിവിധ പരിപാടികൾ കോർത്തിണക്കിയ ഫെസ്റ്റ് മലയാളി കുട്ടികളുടെയും കുടുംബങ്ങളുടെയും പ്രവാസോത്സവമായി. യാംബുവിലെ ആറാട്‌കോ എക്‌സിക്യൂട്ടീവ് ക്യാമ്പിൽ നടന്ന പരിപാടി മലർവാടി ബാലസംഘം രക്ഷാധികാരിയും തനിമ യാംബു, മദീന സോണൽ പ്രസിഡന്റുമായ ജാബിർ വാണിയമ്പലം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ നൗഷാദ് വി. മൂസ പരിപാടികൾ നിയന്ത്രിച്ചു. കിഡ്‌സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളായി തിരിച്ചായിരുന്നു മത്സരങ്ങൾ. 200 ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. കിഡ്‌സ് വിഭാഗത്തിൽ അയ്‌നുൽ ഹയാത്ത്, ഷെസ ഫാത്തിമ, ആൻ ഖദീജ അഹ്മദ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സബ് ജൂനിയർ വിഭാഗത്തിൽ ജിഹാൻ, മുഹമ്മദ് ഫിസാൻ, മുഹമ്മദ് റയാൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജൂനിയർ വിഭാഗത്തിൽ ഫൈഹ സലിം, ഫിൽസ അബൂബക്കർ സിദ്ദീഖ്, ഹുദ അൽ മുബാറഖ് എന്നിവരും സീനിയർ വിഭാഗത്തിൽ ഓസ്റ്റിൻ ബിജു, അഫ്‌റ ബഷീർ, റൈഹാൻ മുഹമ്മദ് ഫൈസി എന്നിവരും ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി.
കുടുംബങ്ങൾക്കായി 'ടേസ്റ്റി ഓവൻ' എന്ന പേരിൽ നടത്തിയ പാചക മത്സരത്തിൽ മുൻഷിദ ശരീഫ്, ജംഷി ഷഫീഖ്, ഷാനിമോൾ ബഷീർ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സാഹിദ അബൂബക്കർ, ഫിറോസ് സഹ്ല എന്നിവർ പ്രോത്സാഹന സമ്മാനത്തിനും അർഹരായി.
സമ്മാനങ്ങൾ കെൻസ് ഇന്റർനാഷനൽ സ്‌കൂൾ പ്രിൻസിപ്പൽ ബിന്ദു സന്തോഷ്, അൽ മനാർ ഇന്റർനാഷ്‌നൽ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ പി.എം. ഫായിസ, നജ്മ അഷ്‌ക്കർ മദീന, ജാബിർ വാണിയമ്പലം എന്നിവർ വിതരണം ചെയ്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ലല്ലു സുഹൈൽ, തൻസീമ മൂസ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മലർവാടി കുരുന്നുകൾ അവതരിപ്പിച്ച സംഗീത ശിൽപം, ഡാൻസ്, വെൽകം പ്രോഗ്രാം, പാട്ടുകൾ, ഗായകരായ നിയാസ് യൂസുഫ്, ഷബ്‌ന ഷിറിൻ, തൻസീമ മൂസ, കെ.എം. ഷാനവാസ്, മുജീബ് കോതമംഗലം തുടങ്ങിയവർ ആലപിച്ച ഗാനവും ഫെസ്റ്റിന് മാറ്റുകൂട്ടി.
വിദ്യാർഥികളുടെ മത്സരങ്ങളിൽ വിജയികളായവർക്ക് ഒ.ഐ.സി.സി സൗദി നാഷനൽ പ്രസിഡന്റ് ശങ്കർ എളങ്കൂർ, അറാട്‌കോ മാനേജിംഗ് ഡയറക്ടർ അബ്ദുൽ ഹമീദ്, വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സാരഥികളായ അസ്‌ക്കർ വണ്ടൂർ, ഷഫീഖ് ഹുദവി, മിദ്‌ലാജ് റിദ, നസിറുദ്ദീൻ ഓമണ്ണിൽ, ഫർഹാൻ മോങ്ങം, സിദ്ധീഖുൽ അക്ബർ, ഹുസ്‌നു കോയക്കുട്ടി, സലിം വടകര, കെ.എം. നവാസ്, മുജീബ് കോയക്കുട്ടി, ഷാൻ ശറഫുദ്ദീൻ, ശിഹാബ് കടുങ്ങപുരം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ വകുപ്പ് കൺവീനർമാരായ സലിം വേങ്ങര, താഹിർ ചേളന്നൂർ, അനീസുദ്ദീൻ ചെറുകുളമ്പ്, ഷൗക്കത്ത് എടക്കര, ഫൈസൽ പത്തപ്പിരിയം, സഫീൽ കടന്നമണ്ണ, ലല്ലു സുഹൈൽ, അഷ്‌ക്കർ കുരിക്കൾ തുടങ്ങിയവർ വിവിധ സെഷനുകൾ നിയന്ത്രിച്ചു. മലർവാടി കോ-ഓഡിനേറ്റർ മൂസ മമ്പാട്, അസിസ്റ്റന്റ് കോ-ഓഡിനേറ്റർ ഡോ. ഇർഫാന യാഷിഖ്, അസിസ്റ്റന്റ് കൺവീനർമാരായ സലാഹുദ്ദീൻ ചേന്ദമംഗലൂർ, ശബീബ സലാഹ്, യാഷിഖ് തിരൂർ, റാഷിദ സലിം, ഡോ. അമൽ ഫഹദ്, റജീന മൂസ, മുനീർ കോഴിക്കോട്, അബ്ദുന്നാസർ തൊടുപുഴ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.