180 മെഡിക്കല്‍ വിദ്യാര്‍ഥികളെ പുറത്താക്കണം; സര്‍ക്കാരിന് സുപ്രീം കോടതിയുടെ നിശിത വിമര്‍ശം 

ന്യൂദല്‍ഹി- കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ 150 വിദ്യാര്‍ഥികളെയും കരുണയിലെ 30 വിദ്യാര്‍ഥികളെയും പുറത്താക്കണമെന്ന് സുപ്രീം കോടതി. രണ്ട് മെഡിക്കല്‍ കോളജുകളിലേക്കുമുള്ള പ്രവേശനവുമായി ബന്ധപ്പെട്ട ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഇതു സംബന്ധിച്ച് കേരള നിയമസഭ ബുധനാഴ്ച പാസാക്കിയ ഓര്‍ഡിനന്‍സ് സുപ്രീം കോടതി സ്റ്റേ ചെയ്തു. വാദം കേള്‍ക്കല്‍ നീട്ടിവെക്കണമെന്ന കേരളത്തിന്റെ  ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. കോടതി വിധി മറികടക്കാന്‍ സംസ്ഥാനം ശ്രമിക്കരുതെന്നും ഉത്തരവ് ലംഘിച്ചാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിട്ടിട്ടില്ലെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി. 

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹരജി പരിഗണിച്ചാണു കോടതി നിര്‍ദേശം. രണ്ടു മെഡിക്കല്‍ കോളജുകളിലെയും പ്രവേശനം സാധൂകരിക്കുന്നതിനുള്ള 'കേരള മെഡിക്കല്‍ കോളജ് പ്രവേശനം സാധൂകരിക്കല്‍ ബില്‍' ആണു നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയത്.

Latest News