കൊല്‍ക്കത്ത-സര്‍ക്കാര്‍ ജോലി കിട്ടി പോയാല്‍ തന്നെ ഉപേക്ഷിക്കുമെന്ന് ഭയന്ന യുവാവ് ഭാര്യയുടെ കൈപ്പത്തി വെട്ടി മാറ്റി. പശ്ചിമബംഗാളിലാണ് സംഭവം.
ഭാര്യ സംസ്ഥാന സര്‍ക്കാറിനു കീഴില്‍ നഴ്‌സിംഗ് ജോലിയില്‍ പ്രവേശിക്കുന്നത് തടയാനാണ് യുവാവ് ഭാര്യയുടെ കൈ കൈത്തണ്ടയില്‍ നിന്ന് വെട്ടിമാറ്റിയതെന്ന് പോലീസ് പറഞ്ഞു.
കിഴക്കന്‍ ബര്‍ദ്വാന്‍ ജില്ലയിലെ കേതുഗ്രാമില്‍ താമസിക്കുന്ന ഷേര്‍ മുഹമ്മദാണ് പ്രതി. ഭാര്യ റെനു ഖാത്തൂനെ പ്രാദേശിക ആശുപത്രിയിലെത്തിച്ച യുവാവ് ഒളിവിലാണ്. ഡോക്ടര്‍മാര്‍ കൈ വീണ്ടും തുന്നിച്ചേര്‍ക്കില്ലെന്ന്് ഉറപ്പാക്കാന്‍ മുറിഞ്ഞ ഭാഗം വീട്ടില്‍ മറച്ചുവെച്ചിരുന്നു.
ഭാര്യയെ ആശുപത്രയില്‍ പ്രവേശിപ്പിച്ച ശേഷം ഷേര്‍ മുഹമ്മദ് ഒളിവില്‍ പോയതിനു പിന്നാലെ വീട്ടുകാരും ഒളിവില്‍ പോയതായി പോലീസ് പറഞ്ഞു.
ഖാത്തൂണ്‍ നഴ്‌സിങ് പരിശീലനത്തിലാണെന്നും അടുത്തുള്ള വ്യവസായ ടൗണ്‍ഷിപ്പായ ദുര്‍ഗാപൂരിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നുവെന്നും പ്രദേശവാസികള്‍ പോലീസിനോട് പറഞ്ഞു.
അടുത്തിടെ അവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിയമനം ലഭിച്ചതാണ് ഭര്‍ത്താവിനെ പ്രകോപിപ്പിച്ചതെന്നു പറയുന്നു.
ഷേര്‍ മുഹമ്മദ് തൊഴില്‍രഹിതനായതിനാല്‍ സര്‍ക്കാര്‍ ജോലി ലഭിച്ച ഭാര്യ ഉപേക്ഷിച്ചു പോകുമെന്ന് ഭയന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ജോലി സ്വീകരിക്കരുതെന്ന് ഷേര്‍ മുഹമ്മദ് വാശിപിടിച്ചതിനെ തുടര്‍ന്ന് ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു.
സഹോദരിക്ക് സംസ്ഥാന സര്‍ക്കാര്‍ നിയമന കത്ത് കിട്ടിയത് മുതല്‍ ഓഫര്‍ നിരസിക്കാന്‍ ഷേര്‍ മുഹമ്മദ് നിര്‍ബന്ധം പിടിക്കുകയായിരുന്നുവെന്ന് യുവതിയുടെ മൂത്ത സഹോദരന്‍ റിപ്പണ്‍ സേഖ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാലും ഇത്രമാത്രം ക്രൂരത പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.