യു.എ.ഇ, ഓസ്ട്രേലിയ രാജ്യങ്ങളുമായി വ്യാപാര കരാറിന് അന്തിമ രൂപം നൽകി
കൊച്ചി- അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സമുദ്രോൽപന്ന കയറ്റുമതി 50,000 കോടിയിൽ നിന്ന് ഒരു ലക്ഷം കോടി രൂപയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ, ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ, ടെക്‌സ്‌റ്റൈൽസ് മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
സുസ്ഥിര മത്സ്യബന്ധനം, ഗുണമേന്മയും വൈവിധ്യവും ഉറപ്പാക്കൽ, തീരദേശ ഷിപ്പിംഗിനും ജലകൃഷിയ്ക്കും പ്രോത്സാഹനം എന്നിങ്ങനെ മത്സ്യബന്ധന ആവാസവ്യവസ്ഥയ്ക്ക് സമഗ്ര പിന്തുണ നൽകുന്നതിലൂടെ ഈ ലക്ഷ്യം കൈവരിക്കുമെന്ന് മറൈൻ പ്രൊഡക്ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (എം.പി.ഇ.ഡി.എ) കൊച്ചി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പിയൂഷ് ഗോയൽ പറഞ്ഞു.
യു.എ.ഇ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിന് അന്തിമ രൂപം നൽകിയിട്ടുണ്ടെന്നും യു.കെയുമായും കാനഡയുമായും അത്തരമൊരു കരാറിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. യൂറോപ്യൻ യൂനിയനുമായി സ്വതന്ത്ര വ്യാപാര കരാറിലെത്താനുള്ള ചർച്ചകൾ ഈ മാസം 17 ന് ബ്രസൽസിൽ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ കയറ്റുമതി വ്യാപാരികൾക്ക് വിപണി പ്രവേശനവും പുതിയ അവസരങ്ങളും പ്രദാനം ചെയ്യാനും, അതിലൂടെ മത്സ്യത്തൊഴിലാളികൾക്ക് മികച്ച ഭാവി ഉറപ്പാക്കാനുമാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. എം.പി.ഇ.ഡി.എ-യുടെ ഓഫീസ് കൊച്ചിയിൽ നിന്ന് മാറ്റാനുള്ള സാധ്യത പിയൂഷ് ഗോയൽ തള്ളി.
മൂല്യവർദ്ധനയ്ക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിയിലെ തടസ്സങ്ങൾ കുറയ്ക്കുന്നതിന് തന്റെ ഭാഗത്തുനിന്നുള്ള ഇടപെടലുകൾ നടത്താമെന്ന് സമുദ്രോത്പന്ന കയറ്റുമതി പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ചയിൽ ഉറപ്പു നൽകി. അതുവഴി ഇന്ത്യയെ സമീപഭാവിയിൽ ഒരു സമുദ്രോത്പന്ന സംസ്‌കരണ കേന്ദ്രമാക്കി മാറ്റാൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മത്സ്യബന്ധനത്തിൽ സുസ്ഥിരമായ നടപടികൾ പിന്തുടരാനും പിടിച്ച മത്സ്യത്തിന്റെ ഗുണനിലവാരം നിലനിർത്താനും അതുവഴി മികച്ച വരുമാനം ലഭിക്കാനും മത്സ്യത്തൊഴിലാളികളെ ബോധവൽക്കരിക്കാനും സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും കയറ്റുമതിക്കാരോട് മന്ത്രി അഭ്യർഥിച്ചു. വ്യാപാരം വിപുലീകരിക്കുന്നതിന് കയറ്റുമതിക്കാരെ സഹായിക്കാൻ വിദേശത്തുള്ള ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങൾ തയാറായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.