Sorry, you need to enable JavaScript to visit this website.

200 വർഷം പഴക്കമുള്ള ആൽമരം പറിച്ചുനട്ടു

കാഞ്ഞങ്ങാട്- ദേശീയപാത വികസനത്തിന്റെ ഭാഗമായി പിഴുതുമാറ്റിയ മരങ്ങളിൽ നീലേശ്വരത്തെ കൂറ്റൻ ആൽമരത്തിന് പുനർജന്മം. നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ 200 വർഷമായി തണൽ നൽകിയ ആൽമരത്തെ പരിസ്ഥിതിദിനത്തിൽ 20 കിലോമീറ്റർ അകലെ ബേക്കൽ ബീച്ചിലേക്ക് പറിച്ചുനട്ടു. ദേശീയപാത വികസനത്തിന്റെ ഭാഗമായി മുറിക്കാൻ നമ്പറിട്ട മരമാണിത്. ഇത് ശ്രദ്ധയിൽപെട്ട ബേക്കൽ റിസോർട്ട് ഡെവലപ്‌മെന്റ് കോർപറേഷൻ (ബി.ആർ.ഡി.സി) മരം ഏറ്റെടുത്തു. തുടർന്ന് എം.ഡി. ഷിജിൻ പറമ്പത്ത് ദേശീയപാത ഉദ്യോഗസ്ഥരുമായി സംസാരിച്ച് അനുമതി വാങ്ങി. ശിഖരങ്ങൾ വെട്ടി വേരിന് കാര്യമായ പരിക്കില്ലാതെ ജെ.സി.ബി ഉപയോഗിച്ച് പിഴുതെടുത്ത് മരം ക്രെയിനിന്റെ സഹായത്തോടെ ലോറിയിൽ ബേക്കൽ ബീച്ചിൽ എത്തിച്ചു. ബീച്ച് പരിസരത്ത് വലിയ കുഴിയെടുത്ത് മരം നടുകയായിരുന്നു. ബി.ആർ.ഡി.സി, ദേശീയപാത അധികൃതർ സ്ഥലത്തെത്തിയിരുന്നു. പറിച്ചുനടപ്പെട്ട മരം വേരുപിടിക്കുമോ എന്ന കാത്തിരിപ്പിലാണ്. ശിഖരങ്ങൾ കിളിർത്ത് മറ്റൊരിടത്ത് മുത്തശ്ശി തണൽ വിരിച്ചാൽ, ഇതേ മാതൃക വ്യാപകമാക്കാനാണ് ബി.ആർ.ഡി.സി അധികൃതരുടെ നീക്കം.

Latest News