Sorry, you need to enable JavaScript to visit this website.

പാട്ടിദാര്‍ രോഷം; ഭീഷണിയുണ്ടെന്ന സന്ദേശം പിന്‍വലിച്ച് ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്- ഭീഷണിയുണ്ടെന്ന് അവകാശപ്പെട്ട് മിനിറ്റുകള്‍ക്കകം ബിജെപി നേതാവ് ഹാര്‍ദിക് പട്ടേല്‍ പ്രസ്താവന പിന്‍വലിച്ചു. തനിക്ക് ഭീഷണിയുണ്ടെന്ന് പാട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതി (പിഎഎഎസ്) നേതാവ് തിങ്കളാഴ്ച രാവിലെയാണ് വാര്‍ത്താ ഏജന്‍സിയോട് സ്ഥിരീകരിച്ചത്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ അദ്ദേഹം പ്രസ്താവന പിന്‍വലിച്ചു.
സമൂഹത്തിലെ ഒരു വിഭാഗത്തിന് തന്നോട് ദേഷ്യമുണ്ടെന്നും അവരില്‍ ചിലര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും പറയുന്നതില്‍നിന്ന് പിന്മാറാന്‍ ധീരനായ നേതാവിനെ  എന്താണ് പ്രേരിപ്പിച്ചതെന്ന് നിരീക്ഷകര്‍ ചോദിക്കുന്നു.
ഭീഷണിയുണ്ടെന്നും ലോക്കല്‍ പോലീസിനെ അറിയിച്ചെങ്കിലും ഇതുവരെ സുരക്ഷ ഒരുക്കിയിട്ടില്ലെന്നുമാണ് തിങ്കളാഴ്ച രാവിലെ അദ്ദേഹം പറഞ്ഞത്. എന്നാല്‍ മിനിറ്റുകള്‍ക്കകം അദ്ദേഹം സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തു. ഡിലീറ്റ് ചെയ്ത സന്ദേശങ്ങളെക്കുറിച്ച് വാര്‍ത്താ ഏജന്‍സി ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചതുമില്ല.
സമൂഹത്തിലെ ഒരു വിഭാഗവും പാട്ടിദാര്‍ സമുദായവും ബി.ജെ.പിയില്‍ ചേര്‍ന്ന ഹാര്‍ദിക് പട്ടേലിനോട് രണ്ട് കാരണങ്ങളാല്‍ രോഷാകുലരാണെന്ന് പറയപ്പെടുന്നു. പാട്ടിദാര്‍ക്കെതിരായ എല്ലാ കേസുകളും പിന്‍വലിക്കാന്‍ ഇതുവരെ ഭരണകക്ഷി തയാറായിട്ടില്ലെന്നിരിക്കെ എന്തുകൊണ്ട് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നുവെന്നാണ് ഒന്നാമത്തെ ചോദ്യം.
പാട്ടിദാര്‍ സമരത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട 14 യുവാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് ഇതുവരെ സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടില്ല. ബി.ജെ.പിയില്‍ ചേര്‍ന്നതിന് ശേഷം പത്രസമ്മേളനത്തില്‍ ഹാര്‍ദിക് പേട്ടല്‍ പാട്ടിദാര്‍ സമരക്കാരെ സാമൂഹ്യവിരുദ്ധരെന്നു വിളിച്ചതാണ് രണ്ടാമത്തെ കാരണം.
പാര്‍ട്ടിയില്‍ ചേരാന്‍ ബി.ജെ.പി ഓഫീസില്‍ പോയ ദിവസം മുതല്‍ വടക്കന്‍ ഗുജറാത്തിലെ ബോര്‍ഡുകളില്‍ അദ്ദേഹത്തിന്റെ ഫോട്ടോകളും പേരുകളും കറുപ്പിച്ച് തുടങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിജെപിയില്‍ ചേരാനുള്ള ഹാര്‍ദിക്കിന്റെ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി പാട്ടിദാര്‍ യുവാക്കളാണ്  രോഷം പ്രകടിപ്പിക്കുന്നത്.
ഭീഷണികളെക്കുറിച്ച് ഹാര്‍ദിക് പട്ടേലില്‍നിന്ന് പരാതി ലഭിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എന്‍.ഡി ചൗഹാന്‍ പറഞ്ഞു. ഹാര്‍ദിക് പട്ടേലിനെതിരായ ഭീഷണിയെക്കുറിച്ചുള്ള  ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest News