മേല്‍ജാതിക്കാര്‍ അഴിഞ്ഞാടുന്നു; ഇസ്ലാം സ്വീകരിക്കുമെന്ന് ദളിതര്‍

കറോലി (രാജസ്ഥാന്‍)- പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയന്‍ നിയമത്തിലെ വ്യവസ്ഥ ഇളവു ചെയ്ത സുപ്രീം കോടതി ഉത്തരവിനെതിരെ ദളിത് സംഘടനകള്‍ നടത്തിയ പ്രക്ഷോഭത്തില്‍ പ്രകോപിതരായ മേല്‍ജാതിക്കാര്‍ രാജസ്ഥാനിലെ ഹിന്ദോനില്‍ ദളിതരെ തെരഞ്ഞെുപിടിച്ച് ആക്രമിച്ചു. മര്‍ദനം തുടര്‍ന്നാല്‍ തങ്ങള്‍ ഇസ്ലാമിലേക്ക് മതം മാറുമെന്നു ദളിതര്‍ മുന്നറിയിപ്പു നല്‍കി. ജാദവ് ബസ്തിയിലെ അംബേദകര്‍ പ്രതിമയ്ക്കു സമീപം ഒത്തുചേര്‍ന്നാണ് ദളിതരുടെ മുന്നറിയിപ്പ്.
മേല്‍ജാതിക്കാരായ ആളുകളെത്തി ഞങ്ങളുടെ ഐഡി കാര്‍ഡുകള്‍ പരിശോധിച്ച് ദളിതരാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ആക്രമണമഴിച്ചു വിട്ടത്. സ്ത്രീകളെ പോലും ഇവര്‍ വെറുതെ വിട്ടില്ല- ആക്രമണത്തില്‍ പരിക്കേറ്റ അശ്വിനി ജാതവ് എന്ന ദളിത് യുവാവ് പറയുന്നു.

ദളിത് സംഘടനകള്‍ തിങ്കളാഴ്ച നടത്തിയ ഭാരത് ബന്ദില്‍ പ്രകോപിതരായാണ് ഇവിടെ വ്യാപക ആക്രമണമുണ്ടായത്. ദളിത് വിഭാഗക്കാരായ ബിജെപി എംഎല്‍എ രാജ്കുമാരി ജാതവ്, മുന്‍ കോണ്‍ഗ്രസ് എംഎല്‍എ  ഭറോസി ലാല്‍ ജാതവ് എന്നിവരുടെ വീടുകളും മേല്‍ജാതിക്കാര്‍ ആക്രമിച്ചു തീയിട്ടു. സംഭവ സമയം ഇരുവരും വീട്ടിലുണ്ടായിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് പോലീസ്് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു. 

ആക്രമണത്തിനു പിന്നില്‍ ഹിന്ദുത്വ തീവ്രസംഘടനകളാണെന്ന് അശ്വിനികുമാര്‍ ആരോപിക്കുന്നു. എന്നാല്‍ ഇതിനു തെളിവുകളില്ലെന്നാണ് പോലീസ് പറയുന്നത്. ദളിത് വിഭാഗക്കാര്‍ക്കെതിരായ വികാരമാണ് ആക്രമണത്തിനു കാരണമെന്നാണ് പ്രാഥമിക അന്വേഷണം നല്‍കുന്ന സൂചനയെന്നും പോലീസ് പറഞ്ഞു. ഭാരത് ബന്ദിനിടെ ദളിതര്‍ മേല്‍ജാതിക്കാരെ ആക്രമിച്ചെന്ന ആരോപണവുമുണ്ട്. എല്ലാ വശങ്ങളും വിശതമായി അന്വേഷിക്കുമെന്ന് എഡിജിപി എന്‍.ആര്‍.കെ റെഡ്ഢി അറിയിച്ചു.


 

Latest News